Sports

സഞ്ജു സാംസണ്‍ ക്യാപ്റ്റൻ; ചാമ്പ്യൻസ് ട്രോഫി ടീമിലിടം നഷ്ടമായ നിര്‍ഭാഗ്യവാൻമാരുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ!

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കം നിരവധി പേരാണ് 15 അംഗ ടീമില്‍ നിന്ന് പുറത്തായത്. ടീമിലെ റിസര്‍വ് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ഇടം നേടിയപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള സഞ്ജുവും ആഭ്യന്തര ക്രിക്കറ്റില്‍ അപാര ഫോമിലുള്ള മറ്റൊരു മലയാളി താരം കരുണ്‍ നായരുമൊന്നും ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ ചാമ്പ്യൻസ് ട്രോഫി ടീമിലിടം കിട്ടാത്തവരുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്താല്‍ അതില്‍ ആര്‍ക്കൊക്കെ ഇടമുണ്ടാകുമെന്ന് നോക്കാം. റുതുരാജ് ഗെയ്ക്‌വാദ്: വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടും റുതുരാജ് ഗെയ്ക്‌വാദ് ഒരിക്കല്‍ കൂടി ഇന്ത്യൻ ടീമിന്‍റെ പടിക്ക് പുറത്തായി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ കൂടിയായ റുതുരാജിന് സമീപകാലത്തൊന്നും ഇന്ത്യൻ ടീമില്‍ തുടര്‍ച്ചയായി അവസരം നല്‍കിയിട്ടില്ല. അഭിഷേക് ശര്‍മ: ടി20 ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള പഞ്ചാബ് താരം അഭിഷേക് ശര്‍മ വിജയ് ഹസാരെ ട്രോഫിയിൽ എട്ട് മത്സരങ്ങളില്‍ 130.45 പ്രഹരശേഷിയിലും 58.38 ശരാശരിയിലും 467 റണ്‍സടിച്ച് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയായി പരിഗണിക്കാവുന്ന അഭിഷേകിനെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിലനിര്‍ത്തിയെന്നത് മാത്രമാണ് നേട്ടം. ദേവ്ദത്ത് പടിക്കല്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനായില്ലെങ്കിലും വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ സെഞ്ചുറിയും സെമിയില്‍ അര്‍ധസെഞ്ചുറിയും നേടി മിന്നും ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനും ചാമ്പ്യൻസ് ട്രോഫി ടീമിലിടം പിടിക്കാനായില്ല. കരുണ്‍ നായര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഒമ്പത് കളികളിൽ അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടെ 779 റണ്‍സടിച്ച് വിസ്മയിപ്പിച്ചിട്ടും 33കാരനായ കരുണിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നത് ആരാധകരെ അമ്പരപ്പിച്ചു. സഞ്ജു സാംസണ്‍: അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറിയും ഏകദിന ക്രിക്കറ്റില്‍ 50ന് മേല്‍ ശരാശരിയും ടി20 ക്രിക്കറ്റില്‍ സമീപകാലത്ത് അഞ്ച് കളികളില്‍ മൂന്ന് സെഞ്ചുറിയും നേടിയിട്ടും മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് വിക്കറ്റ് കീപ്പറായി ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് മറ്റൊരു നിരാശ. നിതീഷ് കുമാര്‍ റെഡ്ഡി: ഓസ്ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റിലും കളിക്കുകയും മെല്‍ബണില്‍ സെഞ്ചുറി നേടുകയും ചെയ്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ചാമ്പ്യൻസ് ട്രോഫി ടീമില്‍ ഇടം ലഭിക്കാതിരുന്ന മറ്റൊരു നിര്‍ഭാഗ്യവാന്‍. തനുഷ് കൊടിയാന്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ അശ്വിൻ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ തനുഷ് കൊടിയാനെയും ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിച്ചില്ല. രവി ബിഷ്ണോയ്: വിജയ് ഹസാരെ ട്രോഫിയില്‍ എട്ട് കളികളില്‍ 14 വിക്കറ്റെടുത്തെങ്കിലും രവി ബിഷ്ണോയിക്ക് ചാമ്പ്യൻസ് ട്രോഫി ടീമിലിടമില്ല. വരുണ്‍ ചക്രവര്‍ത്തി: വിജയ് ഹസാരെയില് ആറ് കളികളില്‍ 12.72 ശരാശരിയില്‍ 18 വിക്കറ്റെടുത്തിട്ടും വരുണ്‍ ചക്രവര്‍ത്തിക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിനെയും രവീന്ദ്ര ജഡേജയയും അക്സര്‍ പട്ടേലിനെയുമാണ് സെലക്ടര്‍മാര്‍ ചാമ്പ്യൻസ് ട്രോഫി ടീമിലെടുത്തത്. പ്രസിദ്ധ് കൃഷ്ണ: ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ പ്രസിദ്ധ് കൃഷ്ണ വിജയ് ഹസാരെയിലും മികവ് കാട്ടിയെങ്കിലും ചാമ്പ്യൻസ് ട്രോഫി ടീമിലിടമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button