ഗില്ലെയ്ൻ ബാരെ സിൻഡ്രോം, രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം കൂടുന്നു, പൂനെയിൽ ആശങ്ക

പൂനെ: മഹാരാഷ്ട്ര പൂനെയില്‍ ഗില്ലെയ്ൻ ബാരെ സിൻഡ്രോം രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം കൂടുന്നു. ഇതിനോടകം രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത് 67 പേരാണ്. പത്തുപേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 2 രോഗികള്‍ വെന്‍റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലെയ്ൻ-ബാരെ സിൻഡ്രോം. കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് പടര്ത്തുന്നതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. രോഗ ലക്ഷണമുള്ളവര്‍ പ്രതിദിനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പുണെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ നിര്‍ദ്ദേശം. വാക്സിൻ എടുത്തവരിലും രോഗസാധ്യതയുണ്ടെന്നാതാണ് ഈ ബാക്ടീരിയ ബാധയുടെ അപകടം. പനി, ചുമ, മൂക്കൊലിപ്പ്, വയറുവേദന, ഒഴിച്ചിൽ അടക്കമുള്ളവയാണ് രോഗലക്ഷണം. രണ്ട് ആഴ്ചയിലേറെ ഈ രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ചികിത്സ തേടാൻ വൈകരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. സാധാരണ ഗതിയിൽ മൃഗങ്ങളുടെ കുടലിൽ കാണുന്ന ബാക്ടീരിയ ആണ് അണുബാധയ്ക്ക് കാരണമാകുന്നത്. ശരിയായ രീതിയിൽ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നതും കൃത്യമായ രീതിയിൽ പാസ്ചറൈസ് ചെയ്യാത്ത പാൽ, പാൽ ഉൽപ്പന്നങ്ങൾ, വൃത്തിയില്ലാത്ത കുടിവെള്ളം എന്നിവയിലൂടെയും രോഗം പടരുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
