ബുമ്രയോ രോഹിത്തോ അല്ല! ഐസിസിയുടെ മികച്ച ടി20 താരമായി അര്‍ഷ്ദീപ് സിംഗ്, നേട്ടം ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെ

ദുബായ്: 2024ലെ ഐസിസി പുരുഷ ടി20 ക്രിക്കറ്ററായി ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. 2024 ലെ മികച്ച സീസണാണ് ഇടങ്കയ്യന്‍ പേസറെ അവാര്‍ഡിനര്‍ഹനാക്കിയത്. കഴിഞ്ഞ വര്‍ഷം വെറും 18 മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മാത്രമല്ല, ടി20 ലോകകപ്പ് ഇന്ത്യക്ക് നേടി കൊടുക്കുന്നതില്‍ അര്‍ഷ്ദീപ് നിര്‍ണായക പങ്കുവഹിച്ചു. കഴിഞ്ഞ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ അഞ്ചാമത്തെ ബൗളറായിരുന്നു അര്‍ഷ്ദീപ് സിംഗ്. 13.50 ശരാശരയിലും 7.49 എക്കോണമിയിലുമാണ് അര്‍ഷ്ദീപിന്റെ നേട്ടം. ടി20യില്‍ ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ അര്ഷ്ദീപാണ് ഇന്ത്യയുടെ പേസ് അറ്റാക്ക് നയിക്കുന്നത്. പുതിയ പന്തിലും പഴയ പന്തിലും അദ്ദേഹം മികവ് പ്രകടിപ്പിക്കുന്നു. ഐസിസിയുടെ 2022, 2024 ടി20 ലോകകപ്പിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് അര്‍ഷ്ദീപായിരുന്നു. അവാര്‍ഡ് നേടിയ ശേഷം പേസര്‍ ഐസിസിയോട് സംസാരിച്ചു. 2024 ലെ ടി20 ലോകകപ്പ് നേടിയതാണ് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നതെന്ന് അര്‍ഷ്ദീപ് വ്യക്താക്കി. ”ഞാന്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. എന്നെ ഏറ്റവും മികച്ചത് സഹായിച്ച എല്ലാവര്ക്കും നന്ദി. ഓരോ ഇന്ത്യക്കാരനും പറയും പോലെ ലോകകപ്പ് ഉയര്‍ത്തിയ നിമിഷം അവിസ്മരണീയമായിരുന്നു.” അവാര്‍ഡ് നേടിയ ശേഷം അര്‍ഷ്ദീപ് ഐസിസിയോട് പറഞ്ഞു. ടീമിന് വേണ്ടി എന്റെ ഏറ്റവും മികച്ച പ്രകടനം നല്ല ഫലങ്ങള്‍ നല്‍കാനുമാണ് ഞാന്‍ ശ്രമിക്കുന്നതെന്നും അര്‍ഷ്ദീപ് കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 ഇലവനേയും ഐസിസി തിരഞ്ഞെടുത്തു. അര്‍ഷ്ദീപ് ഉള്‍പ്പെടെ ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയിരുന്നു. രോഹിത് നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര എന്നിവരും ഇടം പിടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡുമാണ് ഐസിസി ടി20 ഇലവനിലെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് എത്തുമ്പോള്‍ പാകിസ്ഥാന്റെ ബാബര്‍ അസം ആണ് നാലാം നമ്പറില്‍. വെസ്റ്റ് ഇന്‍ഡീസ് നായകന് നിക്കോളാസ് പുരാനാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഗംഭീറിനെ വീഴ്ത്താനാകുമോ സഞ്ജുവിന്? ചെന്നൈയില്‍ മലയാളി താരത്തെ കാത്തിരിക്കുന്നത് കൂടുതല്‍ നേട്ടങ്ങള്‍ സിംബാബ്വെയുടെ സിക്കന്ദര്‍ റാസയും ഇന്ത്യയുടെ ഹാര്‍ദിക്കുമാണ് ഐസിസി ഇലവനിലെ ഫിനിഷര്‍മാരായി എത്തുന്നത്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി റാഷിദ് ഖാന് വരുമ്പോള്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയും സ്പിന്നറായി ടീമിലുണ്ട്. പേസമാര്മാരായി ബുമ്രയും അര്‍ഷ്ദീപും. ഐസിസി തെരഞ്ഞെടുത്ത കഴിഞ്ഞ വര്‍ഷത്തെ ടി20 ഇലവന്: രോഹിത് ശര്(ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ഫില്‍ സാള്‍ട്ട്, ബാബര്‍ അസം, നിക്കോളാസ് പുരാന്, സിക്കന്ദര്‍ റാസ, ഹാര്‍ദ്ദിക് പാണ്ഡ്യ, റാഷിദ് ഖാന്, വാനിന്ദു ഹസരങ്ക, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.
