
ബെംഗളൂരു: പെണ്മക്കളുടെ വൃക്ക വിറ്റ് വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞ് ഉപദ്രവിക്കുന്നുവെന്ന് പരാതി. കർണാടകയിലെ രാമനഗര ജില്ലയിലെ മഗഡിയിലെ ഗീത എന്ന യുവതിയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. വായ്പാ തിരിച്ചടവിനായി താൻ സ്വന്തം വൃക്ക നേരത്തെ വിറ്റതാണെന്ന് ഗീത പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ പെണ്മക്കളുടെ വൃക്ക വിൽക്കണമെന്ന് ആവശ്യപ്പെട്ട് ഏജന്റ് ശല്യം ചെയ്യുന്നുവെന്നാണ് പരാതി. ഗീതയുടെ ഭർത്താവാണ് ലോണ്‍ എടുത്തത്. 2013ൽ ഭർത്താവ് മരിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ഗീത പറയുന്നു. രണ്ട് പെൺമക്കളെ വളർത്താനും പഠിപ്പിക്കാനും ഏറെ കഷ്ടപ്പെട്ടു. അതിനിടെ വായ്പാ തിരിച്ചടവ് മുടങ്ങി. ഇതോടെ മഞ്ജുനാഥ് എന്ന ഏജന്റ് വൃക്ക വിറ്റ് കിട്ടുന്ന പണം കൊണ്ട് കടം വീട്ടാൻ ഉപദേശിച്ചതായി ഗീത പറയുന്നു. ഒരാൾക്ക് ആരോഗ്യത്തോടെ ജീവിക്കാൻ ഒരു വൃക്ക മതിയെന്ന് പറഞ്ഞതോടെ, വേറെ വഴിയില്ലാത്തതു കൊണ്ടാണ് വൃക്ക വിൽക്കാൻ തീരുമാനിച്ചതെന്ന് ഗീത പറഞ്ഞു. മൂന്ന് വർഷം മുമ്പാണിത്. യശ്വന്ത്പൂരിലെ ഒരു ആശുപത്രിയിൽ വച്ച് വൃക്ക മറ്റൊരാൾക്ക് നൽകി. രണ്ടര ലക്ഷം രൂപ ലഭിച്ചതായി ഗീത പറയുന്നു. ഇപ്പോൾ ബാക്കി പണം ആവശ്യപ്പെട്ട് പെണ്മക്കളുടെ വൃക്ക വിൽക്കാൻ മഞ്ജുനാഥ് ഭീഷണിപ്പെടുത്തുന്നു എന്നാണ് ഗീതയുടെ പരാതി. മഗഡിയിലെ മറ്റൊരു സ്ത്രീയെയും മഞ്ജുനാഥ് ഭീഷണിപ്പെടുത്തിയതായി ഗീത പറയുന്നു.
