കൈ കഴുകാൻ ഭാര്യ പറഞ്ഞിട്ടും കേട്ടില്ല, കീടനാശിനി തളിച്ച ശേഷമെത്തി ഭക്ഷണം കഴിച്ചു; കർഷകന് ദാരുണാന്ത്യം

ലഖ്നൗ: വയലിൽ കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച കര്‍ഷകന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മഥുരയിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. കനയ്യ (27) ആണ് മരിച്ചത്. കനയ്യ ശനിയാഴ്ച കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാൻ പോയതായിരുന്നു. വീട്ടിലെത്തിയ ശേഷം ഭാര്യ നിർബന്ധിച്ചിട്ടും അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ കനയ്യ കൈ കഴുകിയില്ല. കൈ കഴുകാത്തതിനെക്കുറിച്ചുള്ള ഭാര്യയുടെ ആശങ്ക കനയ്യ പരിഗണിച്ചില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രഞ്ജന സച്ചൻ പറഞ്ഞു. അത്താഴത്തിന് ശേഷം കനയ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മയക്കം പോലെ വരികയും അതിവേഗം ആരോഗ്യനില വഷളാവുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. കീടനാശിനി വിഷബാധ മൂലമുണ്ടാകുന്ന മരണങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023 ൽ മഹാരാഷ്ട്രയിലെ പൂനെയിലെ ബലേവാഡി ഹൈ സ്ട്രീറ്റിൽ ഒരു ജോലിക്കാരന്‍റെ മുറിയിൽ അബദ്ധത്തിൽ കീടനാശിനി കഴിച്ച് 19 കാരനായ യുവാവ് മരിച്ചിരുന്നു.
