കണ്ടാൽ തീരത്ത് അടിഞ്ഞ മാലിന്യം; പരിശോധനയിൽ തെളിഞ്ഞത് ആറ് കോടി അറുപത് ലക്ഷം വർഷം പഴക്കമുള്ള മത്സ്യ ഛർദ്ദി

കടല്‍ത്തീരത്ത് കൂടി അശ്രദ്ധമായി നടക്കുമ്പോൾ അസാധാരണമായ എന്തെങ്കിലും കണ്ടാല്‍, ‘ഓ കടല്‍ത്തീരം മാലിന്യം കൊണ്ട് നിറഞ്ഞെന്നാകും’ നമ്മുടെ പരാതി. എന്നാല്‍, അത്തരമൊരു കാഴ്ച ഡെന്‍മാർക്ക് സ്വദേശിയും അമച്വർ ഫോസില്‍ ഹണ്ടറുമായ പീറ്റര്‍ ബെന്നിക്കിനെ സംശയാലുവാക്കി. യുനെസ്കോ പൈതൃക പട്ടികയില്‍ ഉൾപ്പെടുത്തിയ ഡെന്‍മാർക്കിലെ സീലാന്‍ഡ് ദ്വീപിലെ സ്റ്റെവൻസ് പാറക്കെട്ടുകൾക്ക് സമീപത്ത് കൂടി അദ്ദേഹം പതിവ് നടത്തത്തിന് ഇറങ്ങിയപ്പോഴാണ് അസാധാരണമായ ഒന്ന് കണ്ടെത്തിയത്. പരിശോധനയില്‍ അതില്‍ എന്തോ പ്രത്യേകയുള്ളതായി അദ്ദേഹത്തിന് നോക്കി. ഉടന്‍ തന്നെ അതില്‍ നിന്നും അല്പം ശേഖരിച്ച് അത് ഈസ്റ്റ് സീലാന്‍ഡ് മ്യൂസിയത്തിലെത്തിച്ച് പരിശോധിച്ചു. പരിശോധനയില്‍ കണ്ടെത്തിയത് അതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒന്ന്! ആറ് കോടി അറുപത് ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു മത്സ്യം ദഹിക്കാതെ പുറംന്തള്ളിയ ഛർദ്ദിയായിരുന്നു അത്. ഒപ്പം ചുണ്ണാമ്പ് മിശ്രിതം പോലൊന്നും കണ്ടെത്തി. അന്ന് കരയില്‍ കൂറ്റന്‍ ദിനോസറുകൾ അടക്കിവാണപ്പോൾ, കടലില്‍ ജീവിച്ചിരുന്ന ഒരു മത്സ്യം, കടല്‍ ലില്ലി എന്നറിയപ്പെടുന്ന ജീവിയെ കഴിച്ച ശേഷം ദഹിക്കാതെ പുറന്തള്ളിയ ഛർദ്ദിയായിരുന്നു അത്. ഒന്നല്ല. രണ്ടിനം കടല്‍ ലില്ലികളെ മത്സ്യ അകത്താക്കിയിരുന്നെന്നും ഇത് ദഹിക്കാതെ വന്നപ്പോള്‍ പുറന്തള്ളിയ ഛർദ്ദിയാണതെന്നും മ്യൂസിയത്തില്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ ഗവേഷകര്‍ കണ്ടെത്തി. 14 കോടി മുതല്‍ 6 കോടി വരെ വര്‍ഷം മുമ്പ് നിലനിന്നിരുന്ന ക്രെറ്റേഷ്യസ് യുഗത്തില്‍ നിന്നുള്ളതായിരുന്നു ആ ഛർദ്ദി. ടൈറാനോസോറസ്, ട്രൈസെറാടോപ്സ് തുടങ്ങിയ ഭീമാകാരന്മാരായ ദിനോസറുകൾ ഭൂമി അടച്ചി ഭരിച്ച കാലഘട്ടം കൂടിയായിരുന്നു അത്. അക്കാലത്തെ ജീവി വര്‍ഗ്ഗങ്ങളുടെ ഭക്ഷണ ക്രമത്തെക്കുറിച്ച് പുതിയ അറിവുകളിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് വര്‍ഷം മുമ്പ് ഭൂമിയില്‍ നിലനിന്നിരുന്ന ജൈവപ്രപഞ്ചത്തിലേക്ക് വെളിച്ചം വീശാനും പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഈസ്റ്റ് സീലാന്‍ഡ് മ്യൂസിയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പൌരാണിക കാലത്തെ ഭക്ഷ്യ ശൃംഖലയെ കുറിച്ച് പുതിയ അറിവ് തരുന്ന തികച്ചും അസാധാരണമായ ഒരു കണ്ടെത്തലാണ് അതെന്ന് പാലിയന്‍റോളജിസ്റ്റ് ജസ്പര്‍ മിലനും അഭിപ്രായപ്പെടുന്നു. ഇത് സംബന്ധിച്ച കുടുതൽ നിരീക്ഷണങ്ങള്‍ നേച്ചർ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
