ബലാത്സംഗക്കേസ്; വാർത്താസമ്മേളനം നടത്തുന്നതിനിടെ കോൺഗ്രസ് എംപി അറസ്റ്റിൽ

ലഖ്നൗ: കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂരിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോഡ് അറസ്റ്റിലായത്. 45കാരി നൽകിയ പരാതിയിൽ രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോൺഗ്രസ് എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാമെന്നും വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. നേരത്തെ, ജനുവരി 17ന് രാകേഷ് റാത്തോഡിനെതിരെ ബലാത്സംഗം (64), ക്രിമിനൽ ഭീഷണി 351 (3), തോക്ക് ഉപയോഗിച്ചുള്ള ഭീഷണി (327) (2) എന്നീ വകുപ്പുകൾ പ്രകാരം സീതാപൂരിലെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ രാകേഷ് റാത്തോഡ് ഒളിവിലായിരുന്നു. എന്നാൽ, ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും രണ്ടാഴ്ചയ്ക്കുള്ളിൽ സീതാപൂർ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തു. തനിക്കെതിരായ എഫ്ഐആറിലെ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാൻ വാർത്താസമ്മേളനം വിളിക്കുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് സീതാപൂർ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. കൂടുതൽ നിയമനടപടികൾക്കായി രാകേഷ് റാത്തോഡിനെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരോപണങ്ങളിൽ വ്യക്തത നൽകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പൊലീസിന് മുന്നിൽ ഹാജരായില്ലെന്നും കഴിഞ്ഞ രണ്ടാഴ്ചയായി അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
