122% വരെ ലാഭം; സ്വര്‍ണം വാങ്ങാനുള്ള മികച്ചൊരു വഴി; ബജറ്റില്‍ തിരിച്ചുവരുമോ സോവറിന്‍ ഗോള്‍ഡ് ബോണ്ട്

നികുതി ബാധ്യതയില്ലാതെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ളൊരു മാര്‍ഗമായിരുന്നു സോവറിന്‍ ഗോള്‍ഡ് ബോണ്ട്. എന്നാല്‍ 2024 ഫെബ്രുവരിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യു ചെയ്തിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ കേന്ദ്രം സ്വര്‍ണത്തിന്മേലുള്ള ഇറക്കുമതി തീരുവ കുറച്ചതോടെ ഗോള്‍ഡ് ബോണ്ട് അകാല ചരമം പ്രാപിചെന്നാണ് വിലയിരുത്തല്‍.
സ്വർണത്തിന്‍റെ ഇറക്കുമതി കുറയ്ക്കാനാണ് സർക്കാർ സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്. സ്വർണ വില സ്ഥിരത നിലനിര്‍ത്തുമെന്നും സോവറിന്‍ ഗോള്‍ഡ് ബോണ്ട് വഴി വിൽക്കുന്ന സ്വർണം ആഭ്യന്തരമായി കണ്ടെത്താനാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍ വില ഉയര്‍ന്നതോടെ സര്‍ക്കാര്‍ പദ്ധതി താളം തെറ്റിയെന്നാണ് വിലയിരുത്തല്‍.
വർധിച്ചുവരുന്ന സ്വർണ വിലയും കറൻസിയിലെ ചാഞ്ചാട്ടവും കാരണം ഗോള്‍ഡ് ബോണ്ടിനായി ഫണ്ട് ചെയ്യേണ്ടന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈകൊണ്ടത്. സ്വര്‍ണം ഡോളറിലാണ് വ്യാപാരം ചെയ്യുന്നത്. ഡോളറിനെതിരെ രൂപ ഇടിയുമ്പോള്‍ സ്വർണം വാങ്ങാൻ കൂടുതൽ ഡോളർ ഉപയോഗിക്കേണ്ടി വരും. ഇതാണ് പുതിയ ഇഷ്യു അവതരിപ്പിക്കാത്തത് എന്നാണ് സൂചന.
ഗ്രാമിന് 6,262 രൂപ നിരക്കില്‍ ഫെബ്രുവരി 12 നാണ് അവസാന ഇഷ്യു അവതരിപ്പിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഇഷ്യു അവതരിപ്പിച്ചിട്ടുമില്ല. എന്നാല്‍ ബജറ്റില്‍ പദ്ധതി പരിഷ്കരിച്ച് അവതരിപ്പിച്ചേക്കാം എന്നാണ് സൂചന. സ്ത്രീകൾ അല്ലെങ്കിൽ ഗ്രാമീണ നിക്ഷേപകർക്ക് മാത്രമായി നിജപ്പെടുത്തുന്ന രീതിയില്‍ പദ്ധതി അവതരിപ്പിച്ചേക്കാം.
എന്താണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്
ഭൗതിക സ്വർണത്തിലെ നിക്ഷേപത്തിന് ബദലായി കേന്ദ്ര സർക്കാർ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ട്. ഗ്രാം അടിസ്ഥാനത്തിലായിരുന്നു സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിച്ചിരുന്നത്. മറ്റു സ്വർണ നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി സോവറിൻ ഗോൾഡ് ബോണ്ടിന് നിക്ഷേപ പരിധിയുണ്ട്. ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾ, അവിഭജിത ഹിന്ദു കുടുംബങ്ങൾ (HUFs), ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ഈ ബോണ്ടുകൾ വാങ്ങാനാവുക.
ഒരു വ്യക്തിക്ക് ഒരു സാമ്പത്തികവർഷം 4 കിലോ സ്വർണത്തിനുള്ള ബോണ്ട് വാങ്ങാം. ഹിന്ദു അൺഡിവൈഡഡ് ഫാമിലി വിഭാഗത്തിൽപ്പെട്ട കൂട്ടുകുടുംബങ്ങൾക്കും ഒരു സാമ്പത്തികവർഷം 4 കിലോ സ്വർണത്തിൽ മാത്രമേ ഗോൾഡ് ബോണ്ട് നിക്ഷേപം നടത്താൻ കഴിയൂ. ട്രസ്റ്റുകളും മറ്റ് അർഹരായ സ്ഥാപനങ്ങൾക്കും ഒരുവർഷം 20 കിലോ സ്വർണം വരെ ബോണ്ട് ആയി വാങ്ങാൻ അനുമതിയുണ്ട്.
വന്‍ലാഭം
സ്വര്‍ണ വില മുന്നേറിയതോടെ സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപകര്‍ വൻ ലാഭം കൊയ്തിട്ടുണ്ട്. 2016 ഓഗസ്റ്റിൽ വാങ്ങിയ ബോണ്ട് എട്ടുവർഷത്തെ കാലാവധി പൂർത്തിയാക്കുമ്പോള്‍ ഏകദേശം 122 ശതമാനം ലാഭമാണു നിക്ഷേപകർക്കു ലഭിക്കുക. ഇതിനൊപ്പം 2.5 ശഥമാനം വാർഷിക പലിശയും ലഭിക്കും. ഇതുകൂടി കണക്കാക്കിയാൽ റിട്ടേൺ 144 ശതമാനമാകും.
