ഖുറാന്‍ കത്തിച്ച് പ്രതിഷേധിച്ച സാല്‍വാന്‍ മോമിക വെടിയേറ്റ് കൊല്ലപ്പെട്ടു, സംഭവം ലൈവ് സ്ട്രീമിങ്ങിനിടെ

സ്റ്റോക്ക്ഹോം: സ്വീഡനിലെ സ്റ്റോക്ക്‌ഹോം സെൻട്രൽ മോസ്‌കിന് പുറത്ത് ഖുറാന്‍ കത്തിച്ച് പ്രതിഷേധിച്ച സാൽവാൻ മോമിക വെടിയേറ്റ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. 38 കാരനായ സാൽവാൻ മോമിക ബുധനാഴ്ച വൈകുന്നേരം സ്റ്റോക്ക്‌ഹോമിലെ സോഡെർതാൽജെ ഏരിയയിലെ അപ്പാർട്ട്‌മെൻ്റിൽ വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇറാഖി വംശജനായ സൽവാൻ മോമിക, സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ അതിക്രമിച്ചുകടന്ന അഞ്ചംഗ സംഘം അദ്ദേഹത്തെ വെടിവെച്ചുകൊന്നതായി സ്വീഡിഷ് മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രാത്രി 11 മണിയോടെ നടന്ന സംഭവത്തിൽ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണമോ പ്രതികളുടെ പേരുവിവരങ്ങളോ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഖുറാൻ കത്തിച്ച കേസിൽ സ്വീഡിഷ് കോടതി വിധി പറയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കൊലപാതകം. മോമികക്കെതിരെ ലോകമെമ്പാടുമുള്ള പല മുസ്ലീം രാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു. സ്വീഡനെതിരെയും മുസ്ലീം രാജ്യങ്ങള്‍ പ്രതിഷേധിച്ചു. 2023-ൽ സ്വീഡനിൽ നിരവധി തവണ മോമിക ഇസ്‌ലാമിൻ്റെ വിശുദ്ധ ഗ്രന്ഥം കത്തിച്ചിരുന്നു. സംഭവത്തിൽ സ്വീഡിഷ് അംബാസഡറെ ഇറാഖ് പുറത്താക്കുകയും ചെയ്തു.അഭയാര്‍ഥി അപേക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മോമികയുടെ റസിഡൻസി പെർമിറ്റും സ്വീഡന്‍ റദ്ദാക്കി. ഇറാഖ് അദ്ദേഹത്തെ കൈമാറാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്, നോർവേയിലേക്ക് താവളം മാറ്റാൻ ശ്രമിച്ചിരുന്നു.
