കുവൈത്തിൽ ആഡംബര കാറുകൾ മോഷ്ടിച്ച് പകുതി വിലയ്ക്ക് വിൽക്കുന്ന പ്രവാസി സംഘം പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ആഡംബര കാറുകൾ മോഷണം നടത്തി പകുതി വിലയ്ക്ക് വിൽക്കുന്ന മൂന്നു പേരടങ്ങുന്ന പ്രവാസി സംഘത്തെ പൊലീസ് അധികൃതർ പിടികൂടി. കുവൈത്തിൽ സ്ഥിര താമസം മതിയാക്കി സ്വദേശത്തേക്ക് പോകുന്ന പ്രവാസികളുടെ പേരിൽ കാറുകൾ വാടകയ്ക്ക് എടുത്താണ് ഇവർ വിൽക്കുന്നത്. പിടികൂടിയ പ്രാവാസികൾ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. വാടകയ്ക്കെടുത്ത വാഹനങ്ങൾ തിരികെ നൽകാതിരുന്നതോടെ റെന്റൽ ഓഫീസ് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വാഹനം വാങ്ങാനെന്ന വ്യാജേനയാണ് പൊലീസുകാർ പ്രതികളെ സമീപിച്ചത്. നാട്ടിലേക്ക് സ്ഥിര താമസത്തിനു പോയ ഒരു പ്രവാസിയുടെ പേരിൽ 14,000 കുവൈത്ത് ദിനാർ വില വരുന്ന കാർ വാടകയ്ക്കെടുത്ത് പകുതി വിലക്ക് വിൽക്കാനൊരുങ്ങുകയായിരുന്നു. ഇതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. വാടകയ്ക്ക് കാർ എടുക്കാൻ രേഖകൾ നൽകി സഹായിച്ച പ്രവാസിക്ക് 1000 കുവൈത്ത് ദിനാറും വിമാന ടിക്കറ്റിനുള്ള തുകയും പ്രതിഫലമായി നൽകിയതായി പ്രതികൾ സമ്മതിച്ചു. ഈ പ്രവാസിയുടെ പേരിലാണ് പ്രതികൾ കാർ വിൽക്കാൻ ശ്രമിച്ചത്. Read also: കുവൈത്തില് റോഡ് അറ്റകുറ്റപ്പണി: വശങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നീക്കാൻ നിർദേശം നാട്ടിലേക്ക് പോകുന്ന പ്രവാസികളെ കണ്ടെത്തി, പോകുന്നതിന് ദിവസങ്ങൾക്കു മുൻപ് ഇവരുടെ പേരിൽ വാഹനം എടുത്ത് മറിച്ചു വിൽക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. വാഹനത്തിന്റെ യാഥാർത്ഥ വിലയുടെ പകുതി വിലയ്ക്കാണ് വാഹനം വിൽക്കുന്നത്. കൂടാതെ ഇത്തരത്തിലുള്ള വാഹനങ്ങൾ കുവൈത്തിലെ റോഡുകളിൽ ഓടിക്കാൻ പാടില്ലെന്ന വ്യവസ്ഥയും ഇവർ മുന്നോട്ടുവെക്കാറുണ്ടെന്ന് പൊലീസ് അധികൃതർ അറിയിച്ചു. പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
