അമ്മ മരിച്ചതോടെ രണ്ട് പെൺമക്കൾക്കും വിഷാദം; മൃതദേഹത്തിനൊപ്പം ഇരുവരും കഴിഞ്ഞത് ഒരാഴ്ചയിലേറെ, സംഭവം ഹൈദരാബാദിൽ

ഹൈദരാബാദ്: അമ്മയുടെ മരണത്തോടെ വിഷാദത്തിലായ പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒരാഴ്ചയിലേറെ. 25ഉം 22ഉം വയസുള്ള പെൺകുട്ടികളാണ് അമ്മയുടെ മരണത്തിന് പിന്നാലെ വിഷാദത്തിലായത്. ജനുവരി 31ന് ഇരുവരും പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഹൈദരാബാദിലാണ് സംഭവം. ജനുവരി 23നാണ് പെൺകുട്ടികളുടെ 45കാരിയായ അമ്മ മരിച്ചത്. രാവിലെ അമ്മ ഉറക്കത്തിൽ നിന്ന് ഉണരാതെ വന്നതോടെ പെൺകുട്ടികൾ സമീപമെത്തി പരിശോധിച്ചപ്പോൾ പൾസോ ശ്വാസമോ ഹൃദയമിടിപ്പോ ഇല്ലെന്ന് മനസിലായി. ഇതോടെ ഇരുവരും കടുത്ത വിഷാദത്തിലാകുകയായിരുന്നു. അമ്മ മരിച്ചെന്ന് മനസിലാക്കിയപ്പോൾ മുതൽ ഇരുവരും വാതിലുകൾ പൂട്ടി വീടിനുള്ളിൽ തന്നെ മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു. ഏറെക്കുറെ ഒറ്റപ്പെട്ടെന്ന് പറയാവുന്ന ഒരു വീട്ടിലാണ് അമ്മയും മക്കളും താമസിച്ചിരുന്നത്. അതിനാൽ തന്നെ ഒരാഴ്ചയായെങ്കിലും സമീപവാസികൾക്ക് ദുർഗന്ധമൊന്നും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ജനുവരി 31ന് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇരുവരും എംഎൽഎയുടെ ഓഫീസിലേയ്ക്കാണ് പോയത്. അമ്മ മരിച്ചെന്നും മൃതദേഹം സംസ്കരിക്കാൻ പണമില്ലെന്നും അറിയിച്ചു. പൊലീസിനെ സമീപിക്കാൻ എംഎൽഎ ഓഫീസിൽ നിന്ന് ഇവർക്ക് നിർദ്ദേശം ലഭിച്ചു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ ഓഫീസിൽ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
