തലയ്ക്ക് പരിക്കേറ്റ 11കാരന് സ്റ്റിച്ചിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ; ഗുരുതരവീഴ്ച വൈക്കം താലൂക്ക് ആശുപത്രിയിൽ

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച. തലയ്ക്ക് പരിക്കേറ്റ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. ശനിയാഴ്ച്ച വൈകിട്ട് 4.30-ന് സംഭവം നടന്നത്. ചെമ്പ് സ്വദേശി എസ്. ദേവതീർഥിനെയാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നൽ ഇട്ടത്. വീണതിനെ തുടർന്നാണ് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഈ സമയത്താണ് ആശുപത്രിയില്‍ വൈദ്യുതി പോകുന്നത്. സ്റ്റിച്ചിടുന്ന റൂമില്‍ വൈദ്യുതി ഇല്ലാത്തതെന്താണെന്ന് മാതാപിതാക്കള്‍ ചോദിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ജനറേറ്ററ് തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ ഡീസലില്ല എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റന്‍ഡര്‍ മറുപടി നല്‍കുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ കൂടി സഹായത്തോടെയാണ് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ തലയില്‍ സ്റ്റിച്ചിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം തന്നെ അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് പറയുകയും അവകാശപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്.
