കടക്ക് മുന്നിലെ ചട്ടി മാറ്റണം, ആക്രോശിച്ച് ചെടിച്ചട്ടിയെടുത്ത് എറിഞ്ഞ് ബിജെപി പഞ്ചായത്തംഗം; ഉടമയക്ക് മർദനം

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ പൂച്ചെടികൾ വിൽക്കുന്ന നഴ്സറിക്ക് നേരെ ബിജെപി പഞ്ചായത്തംഗത്തിന്റെ അതിക്രമം. ബിജെപി പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ ബിനുവാണ് വനിത നടത്തുന്ന കടയ്ക്ക് മുന്നിലെത്തി അക്രമം നടത്തിയത്. ചെടിച്ചട്ടികൾ വലിച്ചെറിഞ്ഞ് ബിനു നടത്തിയ അക്രമത്തിൽ കട ഉടമയായ സ്ത്രീയ്ക്ക് മർദ്ദനമേറ്റു. വട്ടപ്പാറ വേറ്റിനാട് മണ്ഡപം ജംഗ്ഷനിലെ ഏദൻ നഴ്സറിക്ക് നേരെയാണ് വേറ്റിനാട് വാർഡ് മെമ്പർ ബിനുവിന്റെ അതിക്രമം. കടയ്ക്ക് മുന്നിലെ ചെടികൾ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം. ചെടിച്ചട്ടികൾ കൊണ്ട് ആർക്കും തടസമില്ലെന്ന് കട ഉടമയായ കനകരസി പറഞ്ഞെങ്കിലും ബിനു അംഗീകരിച്ചില്ല. തുടർന്ന് ചെടി ചട്ടികൾ കടയ്ക്കുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞു .ഇത് തടയാൻ ചെന്ന കനകരസിയെ പിടിച്ചു തള്ളുകയും മർദ്ദിക്കുകയും ചെയ്തു. ബിജെപി നേതാവ് ബിനുവിന്റെ മർദ്ദനത്തിൽ കൈയ്ക്കും മുഖത്തും, വയറിനും പരിക്കേറ്റ കനകരസി ആദ്യം കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലും ചികിത്സ തേടി. കനകരസിയുടെ പരാതിയിൽ പഞ്ചായത്തംഗം ബിനുവിനെതിരെ വട്ടപ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബിനു ചെടിച്ചട്ടികൾ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു.
