
മലപ്പുറത്ത് എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞു ഭർത്താവ് പീഡിപ്പിച്ചിരുന്നതായും. സ്ത്രീധനം നൽകിയത് കുറവാണെന്ന് പറഞ്ഞ് ഉപദ്രവിച്ചതായും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർത്താവ് എളംങ്കൂർ സ്വദേശി പ്രബിന്റെ വീട്ടിലെ കിടപ്പുമുറിയിൽ വിഷ്ണുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിഷ്ണുജയുടെ കുടുംബത്തിന്റെ ആരോപണം. പ്രബിൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആണ്. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. പ്രബിന് മറ്റു സ്ത്രീകളുമായി ബന്ധമുള്ളതായി വിഷ്ണുജ പറഞ്ഞിട്ടുള്ളതായി വിഷ്ണുജയുടെ അച്ഛൻ പറയുന്നു. പലതവണ പ്രബിൻ വിഷ്ണുജയെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹത്തിൽ മുറിവുകളുള്ളതായും ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ മഞ്ചേരി പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
