എല്ലാറ്റിനും കാരണം അവന്‍റെ ഈഗോ, സഞ്ജു തുടര്‍ച്ചയായി ഷോര്‍ട്ട് ബോളില്‍ പുറത്തായതിനെക്കുറിച്ച് ശ്രീകാന്ത്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഷോര്‍ട്ട് ബോളില്‍ പുറത്താകാന്‍ കാരണം സഞ്ജുവിന്‍റെ ഈഗോയെന്ന് മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ഇങ്ങനെ കളിച്ചാല്‍ വൈകാതെ സഞ്ജു ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താവുമെന്നും യശസ്വി ജയ്സ്വാള്‍ സഞ്ജുവിന്‍റെ സ്ഥാനം കൈയടക്കുമെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു. നിങ്ങള്‍ എത്ര ഷോര്‍ട്ട് ബോള്‍ എറിഞ്ഞാലും ഞാന്‍ അടിക്കുമെന്ന ഈഗോ കാരണമാണ് സഞ്ജു എല്ലാ കളികളിലും ഒരുപോലെ പുറത്തായത്. ക്രിക്കറ്റ് അറിയാത്തവര്‍ പോലും അവന്‍ പുറത്താവുന്ന രീതി കണ്ടാല്‍ ഇവനിത് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചുപോകും. സഞ്ജുവിനെ എന്തുകൊണ്ട് ചാമ്പ്യൻസ് ട്രോഫി ടീമിലെടുത്തില്ല എന്ന് പറഞ്ഞ് നമ്മള്‍ തര്‍ക്കിക്കുമ്പോഴാണ് അവന്‍ ഇത്തരത്തില്‍ ഒരേ ഷോട്ട് കളിച്ച് പുറത്തായി നിരാശപ്പെടുത്തുന്നത്. പക്ഷെ ഇങ്ങനെയാണ് കളിക്കാന്‍ പോകുന്നതെങ്കില്‍ നന്ദി, വീണ്ടും കാണാമെന്ന് പറയേണ്ടിവരുമെന്നും ശ്രീകാന്ത് പറഞ്ഞു. ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണയെ കളിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐസിസി മാച്ച് റഫറി സഞ്ജു മാത്രമല്ല, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിനെപ്പോലെ ഫ്ലിക്ക് ചെയ്യാന്‍ ശ്രമിച്ച് ആണ് എല്ലാ കളികളിലും പുറത്തായത്. ഇവര്‍ രണ്ടുപേരും തിരുത്താന്‍ തയാറാവണം. ഐപിഎല്ലില്‍ ഇത്രയും വേഗത്തില്‍ ആരും എറിയാനില്ലാത്തതിനാല്‍ സൂര്യകുമാറിന് തന്‍റെ സ്ഥിരം ഫ്ലിക്ക് ഷോട്ട് കളിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ പേസര്‍മാര്‍ എല്ലാവരും 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നവരാണ്. പരമ്പര ജയിച്ചതുകൊണ്ട് സൂര്യകുമാറിന്‍റെ ബലഹീനത വലിയ ചര്‍ച്ചയാകുന്നില്ല. പരമ്പര തോറ്റിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല സ്ഥിതി. സഞ്ജുവും സൂര്യയും തിരുത്താൻ തയാറാവുമെന്നാണ് താന്‍ കരുതുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു 51 റണ്‍സ് മാത്രമാണ് നേടിയത്. ആദ്യ മൂന്ന് കളികളില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ സ്ക്വയര്‍ ലെഗ്ഗില്‍ ക്യാച്ച് നല്‍കി പുറത്തായപ്പോള്‍ നാലാം മത്സരത്തില്‍ സാക്വിബ് മെഹ്മൂദിനും അഞ്ചാം മത്സരത്തില്‍ മാര്‍ക്ക് വുഡിനും വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ഇന്നലെ ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ രണ്ട് സിക്സ് അടക്കം 16 റണ്‍സടിച്ചെങ്കിലും തൊട്ടടുത്ത ഓവറില്‍ മാര്‍ക്ക് വുഡിന്‍റെ ഷോര്‍ട്ട് ബോളില്‍ സഞ്ജു വീണു. അവസാന ടി20യില്‍ വിരലിന് പരിക്കേറ്റ സഞ്ജുവിന് ഐപിഎല്‍ വരെ കളിക്കാനാവില്ലെന്നാണ് സൂചന.
