Crime

പിയാനോ പഠിക്കാനെത്തിയ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ സംഗീത പഠനകേന്ദ്രം ഡയറക്‌ടർ അറസ്റ്റിൽ

തിരുവനന്തപുരം: പിയാനോ പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തലസ്ഥാനത്തെ പ്രമുഖ സംഗീത പഠന കേന്ദ്രം ഡയറക്‌ടർ അറസ്റ്റിൽ. വർഷങ്ങളായി തിരുവനന്തപുരം ചാരാചിറയിൽ പ്രവർത്തിക്കുന്ന സിഡിഎംഎസ് (സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് മ്യൂസിക് സ്റ്റഡീസ്) എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനും ഡയറക്‌ടറുമായ തോമസ് വർഗീസിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 2011-13 കാലഘട്ടത്തിൽ ഇവിടെ പഠിച്ചിരുന്ന കുട്ടിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് പോക്സോ വകുപ്പിൽ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ സഹോദരിയെയും ഇയാൾ 2003-04 കാലത്ത് പീഡിപ്പിച്ചെന്നും പൊലീസ് പറയുന്നു. ഇവിടെ പഠിച്ച ഒരു പെൺകുട്ടി തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇയാളിൽ നിന്ന് ഉപദ്രവം നേരിട്ട സഹോദരിയും പ്രതികരിച്ചതോടെയാണ് പൊലീസിൽ പരാതി എത്തിയത്. ഇയാളുടെ സംഗീത പഠനകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടെന്ന വാർത്തയെത്തിയതോടെ വിശദമായ പരിശോധനയ്ക്കൊരുങ്ങുകയാണ് പൊലീസ്. പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, പുതിയ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button