Entertaiment

ദിനോസറുകളുടെ ലോകത്തേക്ക് വീണ്ടും സ്വാ​ഗതം; ഭയപ്പെടുത്തി ‘ജുറാസിക് വേള്‍ഡ് റീബര്‍ത്ത്’ ട്രെയ്‍ലര്‍

ലോക സിനിമയില്‍ സമാനതകള്‍ സാധ്യമല്ലാത്ത ചില ചിത്രങ്ങളുണ്ട്. അതിലൊന്നാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ജുറാസിക് പാര്‍ക്ക്. ജുറാസിക് പാര്‍ക്, ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസികളിലായി മൂന്ന് ചിത്രങ്ങള്‍ വീതമാണ് പല കാലങ്ങളിലായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഇപ്പോഴിതാ ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ജുറാസിക് വേള്‍ഡ് റീബര്‍ത്ത് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം ജൂലൈ 2 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ഈ ഫ്രാഞ്ചൈസിയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങള്‍ എല്ലാം ചേര്‍ന്നതായിരിക്കുമെന്ന് പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്. 2022 ല്‍ പുറത്തെത്തിയ ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍റെ സ്റ്റാന്‍ഡ് എലോൺ സീക്വല്‍ ആയാണ് റീബര്‍ത്ത് എത്തുന്നത്. ഡൊമിനിയനിലെ സംഭവങ്ങള്‍ നടന്നതിന് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള സമയമാണ് പുതിയ ചിത്രത്തിലെ കാലഘട്ടം. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്കാര്‍ലെറ്റ് ജൊഹാന്‍സണ്‍, മെഹര്‍ഷാല അലി, ജൊനാഥന്‍ ബെയ്‍ലി, റൂപെര്‍ട്ട് ഫ്രൈഡ്, മാനുവല്‍ ഗാര്‍ഷ്യ റൂള്‍ഫോ, ലൂണ ബ്ലെയ്‍സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഗോഡ്സില്ല (2014) അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗാരെത്ത് എഡ്‍വേര്‍ഡ്സ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഒരു ജുറാസിക് ചിത്രം ഗാരെത്ത് ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. ആംബ്ലിന്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്, ദി കെന്നഡി/ മാര്‍ഷല്‍ കമ്പനി എന്നീ ബാനറുകളില്‍ ഫ്രാങ്ക് മാര്‍ഷല്‍, പാട്രിക് ക്രൗളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. യൂണിവേഴ്സല്‍ പിക്ചേഴ്സ് ആണ് വിതരണം. ജോണ്‍ മത്തീസണ്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button