സംസ്ഥാനമാകെ നടന്ന ‘പകുതി വില’ തട്ടിപ്പ് പിരിവ് പലവിധം; അംഗത്വ ഫീസായി 320, വക്കീൽ ഫീസായി 500, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: സംസ്ഥാനമാകെ നടന്ന ‘പകുതി വില’ തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നത്. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. സ്കൂട്ടർ പദ്ധതിയുടെ വ്യവസ്ഥകൾ സാക്ഷ്യപ്പെടുത്താൻ വക്കീൽ ഫീസായി 500 രൂപും ഒരാളില്‍ നിന്ന് ഈടാക്കിയത്. പിരിച്ചെടുത്ത തുകയിൽ 100 രൂപ വീതമാണ് ഫീൽഡ് പ്രൊമോട്ടർമാർക്ക് നൽകിയത്. കരാർ തയ്യാറാക്കിയതെല്ലാം അനന്തു കൃഷ്ണന്‍റെ പേരിലാണ്. അഭിഭാഷകനെ ഏർപ്പാടാക്കിയതും അനന്തുവിന്‍റെ സ്ഥാപനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പകുതി വിലയ്ക്ക് വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസില്‍ പ്രാഥമിക വിവര ശേഖരണം നടത്തുകയാണ് ഇഡി. തട്ടിപ്പിലൂടെ പ്രതി അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. Also Read: സിഎസ്ആർ തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ പി സരിൻ, ‘മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് തട്ടിപ്പിൽ പങ്കുണ്ട്’ അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതി സംഭവത്തിൽ ലഭിച്ചിട്ടുണ്ട്, 21 കേസുകൾ രജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ. കോട്ടയം ജില്ലയിലും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. വിവിധ സ്റ്റേഷനുകളിൽ പരാതികളുടെ എണ്ണം കൂടുകയാണ്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിലുള്ളവരാണ് കൂടുതൽ തട്ടിപ്പിന് ഇരയായത്. ഇതുവരെ ജില്ലയിൽ അഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനന്തു കൃഷ്ണന്റെ മൂന്ന് ആഢംബര കാറുകൾ മൂവാറ്റപുഴ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അനന്തുവിന്റെ ഓഫീസിലെ ഇടപാട് രേഖകളും ശേഖരിരിച്ചിട്ടുണ്ട്. ഇതിനിടെ, മുഖ്യപ്രതി അനന്തു കൃഷ്ണന്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തി. ഈ അക്കൗണ്ടുകൾ വഴി 450 കോടി രൂപയുടെ ഇടപാട് നടന്നെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2 കോടി രൂപ പ്രതി ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങിയെന്നും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല.
