Kerala

ഫീസ് അടക്കാത്തവർക്ക് ഹാൾ ടിക്കറ്റിനൊപ്പം പ്രത്യേക കാർഡ്, പഴയ സ്കൂൾ ബസ്’; 27 പരാതി തീർത്ത് ബാലാവകാശ കമ്മിഷൻ

പാലക്കാട്: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ ക്യാമ്പ് സിറ്റിങ്ങില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ ആകെ 37 പരാതികളാണ് പരിഗണിച്ചത്. 10 പരാതികള്‍ വിശദമായ ഉത്തരവിന് മാറ്റിവച്ചു.   ട്യൂഷന്‍ ഫീസ് അടക്കാത്ത കുട്ടികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി പ്രത്യേക നിറത്തിലുള്ള പെര്‍മിഷന്‍ കാര്‍ഡ് ഹാള്‍ ടിക്കറ്റിനോടൊപ്പം നല്‍കിയതായി ഒരു സ്കൂളിനെതിരെയുള്ള പരാതി കമ്മീഷന്റെ പരിഗണനയ്ക്കെത്തി. ഈ സംഭവത്തില്‍  സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും ഇത്തരം സംഭവങ്ങള്‍ കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാകുന്നതിന് കാരണമാവുമെന്നും മറ്റു കുട്ടികള്‍  അറിയുന്നതിലുള്ള മാനസിക സംഘര്‍ഷം കുട്ടികള്‍ നേരിടുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.  കുട്ടികള്‍ക്കെതിരായുള്ള ഇത്തരം അവകാശ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ചെയര്‍മാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഞാങ്ങാട്ടിരി എ.യു.പി സ്‌കൂള്‍ മൈതാനത്തെ ഉപയോഗ ശൂന്യമായ സ്‌കൂള്‍ ബസുകള്‍ നീക്കം ചെയ്യാനും മണ്ണാര്‍ക്കാട് ശബരി എച്ച്എസ്എസിലെ പ്ലസ്ടു വിഭാഗത്തിലെ പ്രൊജക്ടറിന്റെ തകരാര്‍ തീര്‍ക്കാനുമുള്ള പരാതികൾ പരിഹരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതിനെതുടർന്ന്, പരാതികളിലെ തുടർനടപടികൾ അവസാനിപ്പിച്ചു.  കുഞ്ഞുങ്ങളെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി പരാതി ലഭിച്ച സംഭവത്തില്‍  അങ്കണവാടി ടീച്ചറെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി വനിതശിശു വികസനവകുപ്പ് കമ്മീഷനെ അറിയിച്ചു.  കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികള്‍ക്ക് ഉപകരണം വേഗത്തില്‍ അപ്ഗ്രഡേഷന്‍ ചെയ്തു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതിനെ സംബന്ധിച്ച് ലഭിച്ച പരാതി പരിഹരിച്ചു. മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടിയുടെ വീട് ജപ്തി ചെയ്യുന്നത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. സിറ്റിങ്ങിൽ ബാലവകാശ സംരക്ഷണ കമ്മീഷന്‍ അംഗവും ജില്ലയുടെ ചുമതലയുമുള്ള കെ.കെ. ഷാജു, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button