കേരളത്തില്‍ ബിഎസ്എന്‍എല്‍ കുതിപ്പ്; 5000 4ജി സൈറ്റുകള്‍ ഓണ്‍

തിരുവനന്തപുരം: 4ജി നെറ്റ്വര്‍ക്ക് വിന്യാസത്തില്‍ കേരളത്തില്‍ പുത്തന്‍ നാഴികക്കല്ലുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. കേരളത്തില്‍ ബിഎസ്എന്‍എല്‍ 5000 4ജി സൈറ്റുകള്‍ പൂര്‍ത്തിയാക്കി. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് കേരളത്തില്‍ ഇത്രയും 4ജി സൈറ്റുകള്‍ സ്ഥാപിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലുള്ള 5000 4ജി സൈറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനക്ഷമമായതായി ബിഎസ്എന്‍എല്‍ അറിയിച്ചു. ഇന്ത്യന്‍-നിര്‍മിത 4ജി സാങ്കേതികവിദ്യ കേരളത്തിന്റെ എല്ലാ കോണിനും എത്തിക്കുന്നതില്‍ കുതിക്കുകയാണ് എന്നും ബിഎസ്എന്‍എല്‍ കേരള ട്വീറ്റ് ചെയ്തു. അതേസമയം രാജ്യവ്യാപകമായി 65,000 4ജി സൈറ്റുകളാണ് ബിഎസ്എന്‍എല്‍ പൂര്‍ത്തീകരിച്ചത്. 2025 ജൂണോടെ രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എന്‍എല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. pic.twitter.com/L0cFbBkVDx — BSNL_Kerala (@BSNL_KL) February 6, 2025 4ജി വിന്യാസത്തിന് ശേഷം 5ജി ടവറുകള്‍ സ്ഥാപിക്കുന്ന നടപടിയിലേക്ക് ബിഎസ്എന്‍എല്‍ കടക്കും. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ ബിഎസ്എന്‍എല്‍ തുടങ്ങിക്കഴിഞ്ഞു. എയര്‍ടെല്ലിന്റെ മാതൃകയില്‍ 5ജി എന്‍എസ്എ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിക്കും. ഇന്ത്യന്‍ കമ്പനികളോട് ചേര്‍ന്നാവും ബിഎസ്എന്‍എല്‍ ഈ പരീക്ഷണവും നടത്തുക. രാജ്യതലസ്ഥാനമായ ദില്ലിയിലാവും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റിന്റെ 5ജി എസ്എ പരീക്ഷണം ആദ്യം നടക്കുക. അതേസമയം ഫോണ്‍കോള്‍ അടക്കമുള്ള ബിഎസ്എന്‍എല്‍ സേവനങ്ങളില്‍ തടസം നേരിടുന്നതായുള്ള പരാതി ഇപ്പോഴും ഉപഭോക്താക്കള്‍ക്കുണ്ട്.
