സിക്കിൾ സെൽ രോഗം; രാജസ്ഥാനിലെ ആദിവാസി ജില്ലകളിൽ രോഗബാധിതർ പതിനായിരം കടന്നു

ജയ്പൂർ: രാജസ്ഥാനിലെ ഒമ്പത് ആദിവാസി ജില്ലകളിൽ നിന്നുള്ള 10,000-ത്തിലധികം ആളുകൾക്ക് ഗുരുതരമായ സിക്കിൾ സെൽ രോഗം ബാധിച്ചതായി കണ്ടെത്തി. സംസ്ഥാനത്തെ മെഡിക്കൽ ആൻഡ് ഹെൽത്ത് വകുപ്പിന്റെ റിപ്പോർട്ടിലാണ് കണ്ടെത്തൽ. റിപ്പോർട്ട് പ്രകാരം, 2980 പേരിൽ സിക്കിൾ സെൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7,766 പേരിൽ പ്രാരംഭ ലക്ഷണങ്ങളും കണ്ടെത്തി. സംസ്ഥാനത്തെ ആദിവാസി ആധിപത്യമുള്ള ബരൻ, രാജ്സമന്ദ്, ചിറ്റോർഗഡ്, പാലി, സിരോഹി, ദുൻഗർപൂർ, ബൻസ്വര, പ്രതാപ്ഗഡ്, ഉദയ്പൂർ എന്നീ ജില്ലകളിലാണ് രോഗം പകരുന്നത്.രോഗം സ്ഥിരീകരിച്ചവരിൽ 1590 പേരും സ്ത്രീകളാണ്. രോഗം പാരമ്പര്യമായി വരാൻ സാധ്യതയുള്ളതിനാൽ രോഗബാധിതർ പരസ്പരം വിവാഹം ചെയ്യരുതെന്ന് നിർദ്ദേശവും പുറത്തിറക്കി.ആദിവാസി മേഖലകളിൽ രോഗം പടരുന്നതിന്റെ കാരണങ്ങൾ വ്യക്തമല്ലെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ ഡോ. എച്ച്.എൽ. തബിയാർ വ്യക്തമാക്കി. ജോധ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിഷയത്തിൽ പഠനം ആരംഭിച്ചിട്ടുണ്ട്.സിക്കിൾ സെൽ രോഗം സിക്കിൾ സെൽ അനീമിയ എന്നും അറിയപ്പെടുന്നു. ചുവന്ന രക്താണുക്കളിൽ ഓക്സിജൻ വഹിക്കുന്ന പ്രധാന പ്രോട്ടീനായ ഹീമോഗ്ലോബിനെ ബാധിക്കുന്ന പാരമ്പര്യമായി ലഭിക്കുന്ന ഒരു കൂട്ടം വൈകല്യമാണ്. സാധാരണയായി, ചുവന്ന രക്താണുക്കൾ ഡിസ്ക് ആകൃതിയിലുള്ളതും വഴക്കമുള്ളതുമാണ്, അതിനാൽ അവക്ക് രക്തക്കുഴലുകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയും. എന്നാൽ സിക്കിൾ സെൽ രോഗ ബാധിതർക്ക്, ഹീമോഗ്ലോബിൻ തന്മാത്രയെ ബാധിക്കുന്ന ഒരു ജീൻ മ്യൂട്ടേഷൻ കാരണം ചുവന്ന രക്താണുക്കൾ “അരിവാൾ” ആകൃതിയിലായിരിക്കും.ചുവന്ന രക്താണുക്കൾ അരിവാൾ പോലെയാകുമ്പോൾ, അവ വളയുകയോ എളുപ്പത്തിൽ ചലിക്കുകയോ ചെയ്യില്ല, മാത്രമല്ല ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് വിട്ടുമാറാത്ത വേദന, സ്ട്രോക്ക്, ശ്വാസകോശ പ്രശ്നങ്ങൾ, നേത്ര പ്രശ്നങ്ങൾ, അണുബാധകൾ, വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു
