കട്ടക്കിൽ രോഹിത് ഷോ! സെഞ്ച്വറി (90 പന്തിൽ 119); വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി

കട്ടക്ക്: മോശം പ്രകടനത്തിന്‍റെ പേരിൽ തന്നെ വിമർശിച്ചവർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരെ കട്ടക്കിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ഹിറ്റ്മാന്‍റെ തിരിച്ചുവരവ് ആദിൽ റഷീദിന്‍റെ പന്ത് ലോങ് ഓഫിലേക്ക് സിക്സർ പറത്തിയാണ് താരം നൂറിലെത്തിയത് (90 പന്തിൽ 119 റൺസ്). ഏഴു സിക്സും 12 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. കരിയറിലെ 32ാം സെഞ്ച്വറിയാണ് കട്ടക്കിൽ കുറിച്ചത്. താരത്തിന്‍റെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയും. 2023 ഒക്ടോബർ 11ന് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് രോഹിത് അവസാനമായി ഏകദിനത്തിൽ സെഞ്ച്വറി നേടിയത്. 32 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ താരം, അടുത്ത 44 പന്തിലാണ് മൂന്നക്കം കടന്നത്.
ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ രോഹിത്തും ഗില്ലും ചേർന്ന് 16.4 ഓവറിൽ 136 റൺസാണ് അടിച്ചെടുത്തത്. പിന്നാലെ ഗില്ലിനെ ജെയ്മി ഓവർട്ടൻ ബൗൾഡാക്കി. ആറുമാസത്തെ ഇടവേളക്കുശേഷം ആദ്യ ഏകദിനം കളിക്കാനിറങ്ങിയ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി നിരാശപ്പെടുത്തി. എട്ടു പന്തിൽ ഒരു ഫോറടക്കം അഞ്ചു റൺസെടുത്ത് താരം മടങ്ങി. വിവിധ ഫോർമാറ്റുകളിലായി കഴിഞ്ഞ 10 ഇന്നിങ്സുകളിലും രോഹിത്തിന് ഇരുപതിന് മുകളിൽ സ്കോർ നേടാൻ കഴിഞ്ഞിരുന്നില്ല. മോശം പ്രകടനത്തിൽ താരത്തിന്‍റെ ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നമായിരുന്നു. ഇതിനെല്ലാം സെഞ്ച്വറി നേടിയാണ് താരം മറുപടി നൽകിയിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് രോഹിത് ഫോം വീണ്ടെടുത്തത്. നേരത്തെ, വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം രോഹിത് സ്വന്തമാക്കിയിരുന്നു. മൈതാനത്തെ ഫ്ലഡ് ലൈറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് മത്സരം അൽപസമയം തടസ്സപ്പെട്ടിരുന്നു. 331 സിക്സുകളുമായി ഗെയ്‍ലിനൊപ്പമായിരുന്നു രോഹിത്ത്. മത്സരത്തിൽ നേടിയ 7 സിക്സുകളോടെ രോഹിത്തിന്‍റെ ഏകദിനത്തിലെ സിക്സുകളുടെ എണ്ണം 338 ആയി. ഗെയിൽ ഏകദിന ക്രിക്കറ്റിൽനിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2019ലാണ് താരം അവസാനമായി ഒരു ഏകദിനം കളിച്ചത്. മുൻ പാകിസ്താൻ നായകൻ ഷഹീദ് അഫ്രീദിയാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം. 398 മത്സരങ്ങളിൽനിന്ന് 351 സിക്സുകൾ. ആദ്യ ഏകദിനത്തിൽ രോഹിത് രണ്ട് റൺസിന് പുറത്തായിരുന്നു. രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 305 റൺസിന്‍റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവെച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് പുറത്തായി. ഓപ്പണർ ബെൻ ഡക്കറ്റും (56 പന്തിൽ 65 റൺസ്) ജോ റൂട്ടും (72 പന്തിൽ 69) സന്ദർശകർക്കായി അർധ സെഞ്ച്വറി നേടി. ഇന്ത്യക്കായി രവീന്ദ്ര ജദേജ മൂന്നു വിക്കറ്റ് വീഴ്ത്തി.
