സംസ്ഥാനത്തെ മദ്യപന്‍മാരോട് പ്രത്യേക കരുതല്‍; 78 മദ്യ ഔട്‌ലെറ്റുകള്‍ കൂടി തുറക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് 78 മദ്യ വില്‍പനശാലകള്‍ കൂടി ഉടന്‍ തുറക്കും. നിലവിലെ 300 ഔട് ലെറ്റുകള്‍ക്കു പുറമേ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂട്ടിയ ഔട് ലെറ്റുകളാണ് തുറക്കുന്നത്. ബാറുകള്‍ക്ക് അടുത്തു മദ്യവില്‍പനശാലകള്‍ വേണ്ടെന്ന ആവശ്യവുമായി ബാറുടമാ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. മദ്യവര്‍ജനമാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമെങ്കിലും മദ്യപന്മാരോട് പ്രത്യേക കരുതലാണ് സര്‍ക്കാരിന്.
കൂടുതല്‍ ഔട് ലെറ്റുകള്‍ വരുന്നതോടെ തിരക്ക് ഒഴിവാക്കാമെന്നാണ് കരുതലിനു പിന്നില്‍. കെട്ടിടം കിട്ടാത്തതാണ് പ്രധാന പരിമിതിയായിരുന്നത്. എന്നാല്‍ വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സമ്മതമറിയിക്കാന്‍ പോര്‍ട്ടല്‍ തുറന്നപ്പോള്‍ എത്തിയത് 562 പേരാണ്. ഇതില്‍ നിന്നാണ് ആദ്യ ഘട്ടത്തിലുള്ള ഔട് ലെറ്റുകള്‍ തുറക്കുന്നത്. ഇതില്‍ 68 ഔട് ലെറ്റുകള്‍ ബവ്റിജസ് കോര്‍പറേഷനും 10 എണ്ണം കണ്‍സ്യൂമര്‍ഫെഡിന്‍റേതുമാണ്. ഇതിനു പുറമേ 175 ചില്ലറ വില്‍പനശാലകള്‍ക്ക് കൂടി അനുമതി നല്‍കിയിട്ടുണ്ട്. അതിലും വൈകാതെ തീരുമാനമുണ്ടാകും.14 സൂപ്പര്‍ പ്രീമിയം ഔട് ലെറ്റുകളില്‍ നാലെണ്ണവും ഉടന്‍ ആരംഭിക്കും. എന്നാല്‍ ബാറിനടുത്ത് ഔട് ലെറ്റുകള്‍ തുറന്നു കച്ചവടം പൂട്ടിക്കരുതെന്നു അഭ്യര്‍ഥിച്ച് ബാറുടമാ അസോസിയേഷനും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ബവ്കോയ്ക്കൊപ്പമാണോ, ബാറുകാര്‍ക്കൊപ്പമാണോ സര്‍ക്കാര്‍ നില്‍ക്കുന്നതെന്നുമാത്രമേ ഇനി അറിയേണ്ടതുള്ളു.
