NationalSpot light

മിഠായി ആണെന്ന് കരുതി വായിലിട്ടു കടിച്ചു, പിന്നെയുണ്ടായത് പൊട്ടിത്തെറി, യുവതിക്ക് പരിക്ക്..!

മിഠായി ആണെന്ന് കരുതി പടക്കം വായിലിട്ടു കടിച്ച യുവതിക്ക് പരിക്ക്. തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിയാണ് ചൈനയിൽ സാധാരണയായി കിട്ടാറുള്ള പാൽ മിഠായി ആണെന്ന് തെറ്റിദ്ധരിച്ച് പടക്കം വായിലിട്ട് കടിച്ചത്. എന്നാൽ പടക്കം പൊട്ടിത്തെറിച്ച് ഇവരുടെ വായ്ക്ക് ഗുരുതരമായ പരിക്കേറ്റു.  ആശങ്കാകരമായ സംഭവം പുറത്തുവന്നതോടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പടക്കത്തിന്റെ പാക്കേജിങ് നടത്തിയ നിർമ്മാതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സിചുവാൻ പ്രവിശ്യയിലെ ചെങ്‌ഡുവിൽ നിന്നുള്ള വു എന്ന സ്ത്രീയാണ് തൻ്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചൈനയിൽ ഷുവാങ് പാവോ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം പടക്കത്തിൻ്റെ പാക്കേജിംഗ് പാൽ മിഠായികളുടേതുമായി വളരെയധികം സാമ്യമുള്ളതാണെന്ന് ഈ ദാരുണ സംഭവം വെളിപ്പെടുത്തി. പടക്കത്തിന്റെ കവർ കണ്ടപ്പോൾ മിഠായിയാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ വായിലിട്ടത് എന്നാണ് യുവതി പറയുന്നത്. തീ ജ്വാലയുടെ സഹായമില്ലാതെ പൊട്ടിത്തെറിക്കുന്ന ചെറുപടക്കങ്ങളാണ് ഷുവാങ് പാവോ. സാധാരണയായി ഇവ നിലത്തെറിഞ്ഞോ മറ്റോ ആണ് ആളുകൾ പൊട്ടിക്കുക. യുവതി ഇത് വായിലിട്ടു കടിച്ചതും അത് പൊട്ടിത്തെറിക്കുകയായിരുന്നു. ചൈനയിൽ വിവാഹങ്ങൾ, പാർട്ടികൾ, കുടുംബ സം​ഗമങ്ങൾ എന്നിവ പോലുള്ള അവസരങ്ങളിലും, പ്രത്യേകിച്ച് ചാന്ദ്ര പുതുവർഷത്തിലും ആളുകൾ ധാരാളമായി വാങ്ങി ആഘോഷങ്ങളുടെ ഭാഗമാക്കുന്ന ഒരു പടക്കം കൂടിയാണ് ഇത്. തൻ്റെ സഹോദരനാണ് ഒരു സ്നാക്ക് പാക്കറ്റിനോടൊപ്പം പടക്കവും വീട്ടിലേക്ക് കൊണ്ടുവന്നത് എന്നാണ് വു പറയുന്നത്. ആ സമയം താൻ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇരുട്ടിൽ സ്നാക്ക് പാക്കറ്റിനൊപ്പം കണ്ട പടക്കം മിഠായി ആണെന്ന് തെറ്റിദ്ധരിച്ച് വായിലിടുകയായിരുന്നു എന്നുമാണ് ഇവർ പറയുന്നത്. സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള കവർ പടക്ക കമ്പനികൾ മേലിൽ ഉപയോഗിക്കരുതെന്നും പ്രസ്തുത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട മറ്റു ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button