ഒരു റണ്ണിന്റെ വലിയ വില; കേരളം രഞ്ജി ട്രോഫി സെമിയില്‍

പൂനേ: രഞ്ജി ട്രോഫിയിൽ കേരളം സെമിയിൽ. ജമ്മു കശ്മീരിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് കേരളം ആദ്യ ഇന്നിങ്സിലെ ഒരു റൺ ലീഡിന്റെ ബലത്തിൽ സെമിയിൽ പ്രവേശിച്ചത്.
രണ്ടാം ഇന്നിങ്സിലെ അവസാന ഓവറുകളിൽ ക്രീസിൽ വൻമതിൽ പണിത സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്നാണ് കേരളത്തിന് സെമി ബെർത്ത് സമ്മാനിച്ചത്. അസ്ഹറുദ്ദീൻ 118 പന്തിൽ പുറത്താവാതെ 67 റൺസെടുത്തപ്പോൾ സൽമാൻ നിസാർ 162 പന്തിൽ പുറത്താവാതെ 44 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ 295 ന് ആറ് എന്ന നിലയിലാണ് കേരളം കളിയവസാനിപ്പിച്ചത്.
നേരത്തേ അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തിന്റെ രണ്ടാം ഇന്നിങ്സിന് അടിത്തറയിട്ടത്. ഇരുവരും അർധ സെഞ്ച്വറിക്ക് രണ്ട് റൺസകലെ പുറത്തായി. 36 റൺസെടുത്ത രോഹൻ കുന്നുമ്മലും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിനു വേണ്ടി രണ്ടിന്നിങ്സുകളിലായി എം.ഡി നിതീഷ് പത്ത് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ ജമ്മു 280 റണ്‍സുയര്‍ത്തിയപ്പോള്‍ കേരളം 281 റൺസാണ് മറുപടിയില്‍ അടിച്ചെടുത്തത്. ഈ ഒരു റൺ ലീഡാണ് കേരളത്തിന് തുണയായത്. രണ്ടാം ഇന്നിങ്സിൽ 399 റൺസെന്ന കൂറ്റൻ സ്കോർ ജമ്മു പടുത്തുയർത്തിയെങ്കിലും കേരളത്തിന്റെ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ടുമടക്കാനായിരുന്നു വിധി. ആറ് വര്‍ഷത്തിന് ശേഷമാണ് കേരളം രഞ്ജി സെമിയില്‍ പ്രവേശിക്കുന്നത്.
