CrimeKerala

ഇതര സംസ്ഥാന തൊഴിലാളിയെ തടഞ്ഞുനിർത്തി ഷോൾഡർ ബാഗ് പരിശോധിച്ചപ്പോൾ കിട്ടിയത് 10 കിലോ കഞ്ചാവും ഒരു ലക്ഷം രൂപയും

മലപ്പുറം: പെരിന്തൽമണ്ണ പുലാമന്തോളിൽ 10 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ദേബ് കുമാർ ബിശ്വാസ് (32) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.  പുലാമന്തോൾ ചെമ്മലശ്ശേരി ഭാഗങ്ങളിൽ ഇതരം സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതര സംസ്ഥാന തൊഴിലാളികളെ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം . കഞ്ചാവ് ഉപയോഗിക്കുന്ന രണ്ടു യുവാക്കളെ എക്സൈസുകാർ പിടിച്ചിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങളനുസരിച്ച് അന്വേഷണം മുന്നോട്ടുപോയി. ഇതിനൊടുവിലാണ് മൊത്ത കച്ചവടക്കാരൻ അറസ്റ്റിലായത്. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ഗോല്‍ജാർ ബാഗ് സ്വദേശിയായ ദേബ് കുമാർ ബിശ്വാസ് ചെമ്മലശ്ശേരി രണ്ടാം മൈലില്‍നിന്നാണ് പിടിയിലാവുന്നത്. പരിശോധിച്ചപ്പോൾ ഇയാളുടെ ഷോള്‍ഡർ ബാഗില്‍ സൂക്ഷിച്ചിരുന്ന 10 കിലോ കഞ്ചാവും ഒരു ലക്ഷത്തിലധികം രൂപയും കണ്ടെടുത്തു. സംസ്ഥാനത്തിന് പുറത്തു നിന്ന് ട്രെയിനിലാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നത്.  പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം എക്സൈസ് ഇന്റലിജൻസ് പാർട്ടിയും സംയുക്തമായാണ് പരിശോധ നടത്തിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ യൂനുസ് എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അശോക്.പി, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ,  ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു ഡി, പ്രിവന്റീവ് ഓഫീസർ സായി റാം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംസുദ്ദീൻ, തേജസ്, അബ്ദുൽ ജലീൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസീദ മോൾ, എക്സൈസ് ഇൻസ്പെക്ടർ  ട്രെയിനി ജിഷ്ണു പി.ആർ എന്നിവർ കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button