CrimeKeralaSpot light

ഞാൻ വട്ടം വരയ്ക്കാം’; നിലവിളിച്ച്‌ കരയുമ്പോഴും അട്ടഹസിച്ച്‌ ക്രൂരത; കോട്ടയത്തെ റാഗിങ് ദൃശ്യം പുറത്ത്

കോട്ടയം: ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂനിയർ വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിച്ച്‌ സീനിയർ വിദ്യാർഥികള്‍ അട്ടഹസിച്ച്‌ ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയർ വിദ്യാർഥികള്‍ തന്നെ പകർത്തിയ ദൃശ്യങ്ങളാണിത്.

ശരീരമാസകലം ലോഷൻ പുരട്ടിയ നിലയില്‍ തോർത്തുകൊണ്ട് കൈകാലുകള്‍ കെട്ടിയിട്ടനിലയിലാണ് ജൂനിയർ വിദ്യാർഥി കട്ടിലില്‍ കിടക്കുന്നത്. തുടർന്ന് സീനിയർ വിദ്യാർഥികള്‍ വിദ്യാർഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡർ കൊണ്ട് കുത്തിമുറിവേല്‍പ്പിക്കുകയായിരുന്നു. വണ്‍, ടൂ, ത്രീ എന്നുപറഞ്ഞാണ് ഓരോയിടത്തും ഡിവൈഡർ കൊണ്ട് കുത്തുന്നത്. ജൂനിയർ വിദ്യാർഥി വേദനകൊണ്ട് നിലവിളിക്കുമ്ബോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും ‘സെക്സി ബോഡി’യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പീഡനത്തിനിരയായ വിദ്യാർഥികളുമൊന്നിച്ച്‌ പ്രതികളായ വിദ്യാർഥികള്‍ മദ്യപിച്ചിരുന്നു. മൊബൈലില്‍ ചിത്രീകരിച്ച മദ്യപാനരംഗങ്ങള്‍ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങള്‍ക്കുമുൻപ് പീഡനം തുടങ്ങുന്നത്. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാൻ മുറിയില്‍ ഉച്ചത്തില്‍ പാട്ടും വെക്കും. എല്ലാ ആഴ്ചകളിലും ജൂനിയർ വിദ്യാർഥികള്‍ 800 രൂപവീതം സീനിയർ വിദ്യാർഥികള്‍ക്ക് മദ്യപാനത്തിനായി നല്‍കണമായിരുന്നു. പ്രധാനപ്രതിയുടെ സംഘടനാബന്ധം മറയാക്കിയാണ് പീഡനം തുടർന്നത്. ഇയാള്‍ കെ.ജി.എസ്.എൻ.എ.യുടെ ഭാരവാഹിയാണ്. ഇടത് അനുകൂല സംഘടനയാണിത്.

തിങ്കളാഴ്ച പ്രതികള്‍ രണ്ടായിരംരൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കാഞ്ഞതിനെത്തുടർന്ന് ക്രൂരമർദനത്തിനിരയാക്കി. ഇതോടെയാണ് ഇരയായ വിദ്യാർഥി വീട്ടില്‍ അറിയിച്ചതും പരാതിയിലേക്കെത്തിയതും.

വിദ്യാർഥികള്‍ക്ക് സസ്പെൻഷൻ, ഹോസ്റ്റലില്‍നിന്ന് പുറത്താക്കി

ഗാന്ധിനഗർ(കോട്ടയം): ഗാന്ധിനഗർ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ ഒന്നാംവർഷ ജി.എൻ.എം. വിദ്യാർഥികളെ റാഗ് ചെയ്ത അഞ്ച് സീനിയർ വിദ്യാർഥികളെ കോളേജില്‍നിന്ന് സസ്പെൻഡ് ചെയ്തു. ഇവരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. സംഭവം അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചെന്നും നഴ്സിങ് കോളേജ് പ്രിൻസിപ്പല്‍ ഇൻ ചാർജ് ലിനി ജോസഫ് പറഞ്ഞു. റാഗിങ് നടന്നതായി ബേധ്യപ്പെട്ടതിനെത്തുടർന്ന്, നിയമപരമായ എല്ലാ തുടർനടപടികളും സ്വീകരിച്ചെന്നും അവർ പറഞ്ഞു.

ഇരയായ കുട്ടിയുടെ രക്ഷാകർത്താവ്, ക്ലാസ് ടീച്ചറോട് ചൊവ്വാഴ്ച രാവിലെ വിളിച്ചുപറയുമ്ബോഴാണ് റാഗിങ് വിവരം കോളേജില്‍ അറിഞ്ഞത്. ക്ലാസ് ടീച്ചർ, പ്രിൻസിപ്പലിനെയും മറ്റ് അധ്യാപകരെയും അറിയിച്ചു. പരാതി പറഞ്ഞ വിദ്യാർഥിയെയും സഹവിദ്യാർഥികളെയും വിളിച്ചുവരുത്തി വിവരങ്ങള്‍ തിരക്കി. കോളേജ് അധ്യാപകരുടെ യോഗം വിളിച്ചു. അടിയന്തര പി.ടി.എ. യോഗവും ചേർന്നു. വിദ്യാർഥികള്‍ പീഡനവിവരങ്ങള്‍ എഴുതിത്തന്നതിനെത്തുടർന്ന് പരാതി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്കും എസ്.പി. ഓഫീസിലേക്കും കൈമാറുകയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പല്‍ ഇൻ ചാർജ് അറിയിച്ചു.

കർശന നടപടി എടുക്കണമെന്ന് കെ.ജി.എസ്.എൻ.എ.

കോട്ടയം: ഗവ.മെഡിക്കല്‍ കോളേജിലെ ഒന്നാംവർഷ ജി. എൻ.എം.വിദ്യാർഥികളെ റാഗ് ചെയ്തവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.ജി.എസ്.എൻ.എ.യുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അഞ്ച് വിദ്യാർഥികളെയും ഫെബ്രുവരി 11-ന് പുറത്താക്കിയിരുന്നു.

റാഗിങ്ങിന് വിധേയരായ വിദ്യാർഥികള്‍ക്ക് നിയമപരമായും സംഘടനാപരമായും പൂർണപിന്തുണ നല്‍കുമെന്നും കെ.ജി.എസ്.എൻ.എ. സംസ്ഥാന പ്രസിഡന്റ് അശ്വതി അജയൻ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button