കൊല്ലത്ത് ഒത്തുതീർപ്പായ കേസിൽ അർധരാത്രി വീട്ടിൽ കയറി ഗൃഹനാഥനെ കസ്റ്റഡിയിലെടുത്തു; പോലിസുകാരുടെ ക്രൂരത, ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി

കൊല്ലം: കൊല്ലത്ത് ഒത്തുതീർപ്പായ കേസിൽ ഗൃഹനാഥനെ അർദ്ധരാത്രി കസ്റ്റഡിയിൽ എടുത്തതിനെതിരെ ഡിജിപിക്ക് പരാതി. സംഭവത്തിൽ മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് പള്ളിമൺ സ്വദേശി അജി പറഞ്ഞു. കേസ് അവസാനിച്ചത് അറിഞ്ഞില്ലെന്ന വിചിത്രവിശദീകരണവുമായി ചാത്തന്നൂർ പൊലീസ് രംഗത്തെത്തി. സംഭവത്തിൽ നിയമപരമായി ഏതറ്റം വരേയും പോവും. അർധരാത്രി വീട്ടിൽ വന്ന് ഇതുപോലുള്ള അതിക്രമങ്ങൾ ഇനി പൊലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല. വീഡിയോ ക്ലിപ്പ് കാണുമ്പോൾ എല്ലാവർക്കും മനസ്സിലാവും എത്രയോ ഭീകരമായിരുന്നുവെന്ന്. കുട്ടികളും ഭാര്യയും കരയുന്നതും വീഡിയോയിലുണ്ട്. ഇനിയൊരിക്കലും ഒരു വീട്ടിലും ഇതുപോലെ ഉണ്ടാവരുത്. ഞാനൊരു പ്രശ്നക്കാരമല്ല, ഇതുവരെ എന്തേലും ഒരു പ്രശ്നത്തിന് സ്റ്റേഷനിൽ കയറേണ്ട അവസ്ഥ വന്നിട്ടില്ല. ഇതിനെതിരെ ഏതറ്റം വരേയും പോകുമെന്നും അജി പറഞ്ഞു. ഒത്തുതീർപ്പായ കേസിൽ വാറണ്ട് ഓർഡറുമായി ഇന്നലെ രാത്രിയാണ് വീട്ടിൽ കയറി പൊലീസ് ഗൃഹനാഥനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം പള്ളിമൺ സ്വദേശി അജിയുടെ വീട്ടിലാണ് ഇന്നലെ ചാത്തന്നൂർ സിഐയും സംഘവും എത്തിയത്. തന്‍റെ പേരിൽ കേസില്ലെന്ന് പറഞ്ഞിട്ടും വീട്ടിൽ കയറി പൊലീസ് അതിക്രമം നടത്തിയെന്നാണ് അജിയുടെ പരാതി. വസ്ത്രം മാറാൻ പോലും സമയം നൽകാതെ ഭാര്യയ്ക്കും പെൺമക്കക്കും മുന്നിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയെന്ന് അജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അര്‍ധരാത്രി 12 മണിയ്ക്ക് കസ്റ്റഡിയിലെടുത്ത അജിയെ പുലർച്ചെ മൂന്നു മണിയോടെ പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു. അതേസമയം, കേസ് അവസാനിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും വാറണ്ട് നിലവിൽ ഉണ്ടായിരുന്നെന്നുമാണ് ചാത്തന്നൂർ പൊലീസിന്‍റെ വിശദീകരണം. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരൻ സിറ്റി പൊലീസ് കമീഷണറെ സമീപിച്ചു. എസ്എച്ച്ഒ അനൂപ് ഉള്‍പ്പെടെ അഞ്ചോളം പൊലീസുകാരാണ് എത്തിയത്. മതിൽ ചാടിയാണ് എത്തിയത്. പെട്ടെന്ന് വാതിൽ തുറക്കാൻ പറഞ്ഞുവെന്ന് അജി പറഞ്ഞു. ആക്രോശിച്ചുകൊണ്ട് അകത്തേക്ക് കയറി. കിടക്കുകയായിരുന്ന താൻ എഴുന്നേൽക്കുന്നതിന് മുമ്പ് പിടിച്ചുവലിച്ചിഴച്ചു. വസ്ത്രം പോലും മാറ്റാൻ സമയം തന്നില്ല. പെണ്‍കുട്ടികളും ഭാര്യയും നിലവിളിച്ചിട്ടും യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു. പൊലീസ് വീട്ടിൽ കയറുന്നതും അജിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു. വസ്ത്രമൊന്നും മാറണ്ടെന്നും വന്നില്ലെങ്കിൽ ഇടിച്ചിട്ട് കൊണ്ടുപോകുമെന്നും പൊലീസ് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഏറെ നേരം അപേക്ഷിച്ചശേഷമാണ് അജിയെ ഷര്‍ട്ട് ധരിക്കാൻ പോലും പൊലീസുകാര്‍ അനുവദിച്ചത്. അജിയും മറ്റൊരാളും തമ്മിൽ കടമുറിയുടെ വാടക തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടായിരുന്നു. അത് കോടതിയിലേക്കും എത്തിയിരുന്നതാണ്. എന്നാൽ, അത് ജനുവരിയിൽ ഇരുകക്ഷികളും തമ്മിൽ ഒത്തുതീര്‍പ്പായിരുന്നു. ഇതിനിടെയാണ് പൊലീസിന്‍റെ അതിക്രമമെന്നാണ് പരാതി.
