CrimeKerala

ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ആൾ വളാഞ്ചേരിയിൽ വീട്ടിലെത്തി ദമ്പതിമാരെ മയക്കിക്കിടത്തി കവർന്നത് 6 പവന്‍

വളാഞ്ചേരി:യാത്രയ്ക്കിടെ തീവണ്ടിയില്‍ വച്ച് സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറ് പവന്‍ സ്വര്‍ണം കവര്‍ന്നു.
വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍ പമ്പിന് സമീപം കോഞ്ചത്ത് ചന്ദ്രൻ (75), ഭാര്യ ചന്ദ്രമതി (63) എന്നിവരെയാണ് ഇയാള്‍ മയക്കി കിടത്തി താലി മാലയും മറ്റൊരു മാലയും വളയും ഉള്‍പ്പെടെ കവർന്നത്.

ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനക്ക് ഡോക്ടറെ കാണാന്‍ കൊട്ടാരക്കരയില്‍ പോയി, മുംബൈ ലോകമാന്യ തിലക് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിൽ ആയിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര.
സീറ്റില്ലാതെ പ്രയാസപ്പെട്ട് വടി കുത്തി നില്‍ക്കുന്ന ചന്ദ്രന് അടുത്തേക്ക് 35 വയസ് തോന്നിക്കുന്ന ഇയാള്‍ നാവിക സേനയില്‍ ഉദ്യോഗസ്ഥൻ ആണെന്നും പേര് നീരജ് ആണെന്നും പറഞ്ഞ് പരിചയപ്പെട്ടു.

താമസിയാതെ ചന്ദ്രമതിക്കും ഇയാള്‍ സീറ്റ് തരപ്പെടുത്തി നല്‍കി. തുടര്‍ന്ന് ഇവര്‍ക്ക് ഒപ്പമിരുന്ന് കൊട്ടാരക്കരക്ക് പോയ കാര്യം അന്വേഷിച്ചു.
മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ വാങ്ങുന്നതെന്നും നാവികസേന ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സൗകര്യം ഉണ്ടെന്നും താന്‍ ശ്രമിച്ചു നോക്കട്ടെ എന്നും പറഞ്ഞത് അവർ വിശ്വസിച്ചു.
ഇതിനിടെ ചന്ദ്രന്റെ ഫോണ്‍ നമ്പരും വാങ്ങി. സ്‌നേഹത്തോടെ പെരുമാറിയ യുവാവ് ചേര്‍ത്തല സ്റ്റേഷനിൽ ഇറങ്ങി എന്നാണ് ചന്ദ്രന്‍ പറയുന്നത്.
ബുധനാഴ്ച രാവിലെ യുവാവ് ചന്ദ്രനെ ഫോണില്‍ വിളിച്ച് ശസ്ത്രക്രിയയുടെ കാര്യങ്ങള്‍ ശരിയാക്കിയിട്ട് ഉണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററി ഉണ്ടെങ്കില്‍ അതും ആവശ്യമായ മറ്റു രേഖകളും പെട്ടെന്ന് വേണമെന്നും താമസിക്കുന്ന സ്ഥലം പറഞ്ഞാല്‍ താന്‍ വന്ന് വാങ്ങി കൊള്ളാമെന്നും പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ ഇയാള്‍ ചന്ദ്രന്റെ വീട്ടിലെത്തി. ജ്യൂസ് കുടിച്ച ശേഷം ഉച്ച ഭക്ഷണം കഴിക്കുന്നതിന് മുന്‍പേ അസ്വസ്ഥത അനുഭവപ്പെട്ട ചന്ദ്രന് രണ്ട് ചെറിയ ഗുളിക നല്‍കി. ഗ്യാസിന്റെ കുഴപ്പം ആണെന്നും ഉടനെ മാറും എന്നുമാണ് യുവാവ് പറഞ്ഞതെന്ന് ചന്ദ്രന്‍ പറഞ്ഞു.
‘നല്ലതാണ്, ചേച്ചിക്കും കഴിക്കാം’ എന്ന് പറഞ്ഞപ്പോള്‍ അവരും ഗുളിക കഴിച്ചു. ഏതാനും സമയത്തിന് ഉള്ളില്‍ ഇരുവരുടെയും ബോധം നഷ്ടപ്പെട്ടു. പിന്നെ എല്ലാം എളുപ്പമായി.
അലമാരയില്‍ നിന്നെടുത്ത ആഭരണങ്ങളുമായി യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.സംഭവത്തിൽ വളാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button