Kerala
സംസാരിച്ചു നിന്ന യുവാക്കളുടെ ഇടയിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് കൂറ്റനാട് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണ് അപകടം. പോസ്റ്റിന് സമീപം ബൈക്കിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന യുവാക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 4 യുവാക്കൾ കൂട്ടം കൂടി നിന്ന് സംസാരിക്കുകയായിരുന്നു. ഇവരുടെ ഇടയിലേക്ക് ഇലക്ട്രിക് പോസ്റ്റ് പെട്ടെന്ന് പൊട്ടിവീഴുകയായിരുന്നു. വൈദ്യുതി ലൈനുൾപ്പെടെയാണ് പൊട്ടി വീഴുന്നത്. തലനാരിഴ വ്യത്യാസത്തിലാണ് പോസ്റ്റ് യുവാക്കളുടെ മേൽ പതിക്കാതെ തൊട്ടപ്പുറത്തേക്ക് മാറി വീഴുന്നത്. പഴയ ഇലക്ടിക് പോസ്റ്റായിരുന്നു ഇതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ഉടൻ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ലൈൻ കട്ട് ചെയ്തതിനാൽ വൻ അപകടമാണ് ഒഴിവായത്.
