National
കാർ ഓട്ടോയിൽ തട്ടിയതില്‍ തർക്കം: ഓട്ടോറിക്ഷ ഡ്രൈവർ മർദിച്ചതിനെ തുടർന്ന് മുൻ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: മുൻ ഗോവ എംഎൽഎ ഓട്ടോ ഡ്രൈവറുടെ മർദനത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ബെലഗാവിയിൽ ഇന്ന് ഉച്ചയോടെ ആണ് സംഭവം നടന്നത്. പോണ്ട എംഎൽഎ ആയിരുന്ന ലാവൂ സൂര്യജി മാംലേദാർ ആണ് മരിച്ചത്. ഖാടെ ബസാറിൽ ശനിയാഴ്ച്ച ലാവൂ മാംലേദാർ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിലേക്ക് കയറുന്ന ഇടവഴിയിൽ വച്ച് ലാവൂവിന്റെ കാർ ഒരു ഓട്ടോയിൽ തട്ടി. തുടർന്ന് ഓട്ടോക്കാരനും മുൻ എംഎൽഎയും തമ്മിൽ തർക്കവും വാക്കേറ്റവുമായി. നഷ്ടപരിഹാരം ചോദിച്ചപ്പോൾ തരാൻ പറ്റില്ല എന്ന് പറഞ്ഞതോടെ ലാവൂവിനെ ഓട്ടോക്കാരൻ മർദിച്ചു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശേഷം ഹോട്ടലിൽ എത്തിയ ലാവൂ ഒന്നാം നിലയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
