CrimeKerala

റിജോയുടെ പ്ലാൻ പൊളിച്ചത് കുടവയർ! ഹിന്ദി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പൊളിച്ച് പോലീസ്, തെളിവെടുപ്പ്

തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖലയിലെ കവർച്ചാ കേസിലെ പ്രതി റിജോ ആന്‍റണി പിടിക്കപ്പെടാതിരിക്കാനായി നടത്തിയ ഒരുക്കങ്ങൾ പൊലീസിനെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. എന്നാൽ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു സംഘം പൊലീസുകാർ വിശ്രമമില്ലാതെ നടത്തിയ അന്വേഷണമാണ് 48 മണിക്കൂർ കൊണ്ട് പ്രതിയെ വലയിലാക്കിയത്. കവര്‍ച്ചയിൽ പൊലീസ് പിടികൂടാതിരിക്കാനായി പ്രതി റിജോ ആന്‍റണി നടത്തിയ ഒരോ ശ്രമങ്ങളും ആദ്യമെ തന്നെ പൊലീസ് പൊളിച്ചു. വെള്ളിയാഴ്ച  കവര്‍ച്ച നടക്കുന്നതിനിടെ പ്രതി ജീവനക്കാരോട് ഹിന്ദിയിലാണ് സംസാരിച്ചതെന്ന മൊഴി പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ശരീരപ്രകൃതമനുസരിച്ച് പ്രതി മലയാളിയായിരിക്കാമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചു. പ്രതിയായ റിജോ ബാങ്കിലെത്തുമ്പോള്‍ എത്തുമ്പോള്‍ ബാങ്കിന്‍റെ ഫ്രണ്ട് ഓഫീസിൽ പ്യൂണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെ കത്തി കാണിച്ചശേഷം ഹിന്ദിയിലാണ് ഭീഷണിപ്പെടുത്തിയത്. ജീവനക്കാരെ ബാത്ത്റൂമിൽ അടച്ചശേഷം കൗണ്ടറിലെ പണമെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. മോഷണത്തിന്‍റെ അന്വേഷണം തന്നിലേക്ക് വരാതിരിക്കുന്നതിനായി പ്രതി തന്ത്രപൂര്‍വം ഹിന്ദി ഭാഷയിൽ സംസാരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മോഷണം നടത്തിയത് ഇതര സംസ്ഥാനക്കാരനാണെന്ന് വരുത്തിതീര്‍ക്കാനും പൊലീസ് അന്വേഷണം ആ രീതിയിൽ വഴിതിരിച്ചുവിടാനുള്ള റിജോയുടെ പദ്ധതിയാണ് പൊലീസ് ആദ്യം തന്നെ പൊളിച്ചത്. ഇതിൽ റിജോയുടെ കുടവയറും നിര്‍ണായകമായി. സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിച്ച പൊലീസ് പ്രതിയുടെ ശരീരപ്രകൃതം കൃത്യമായി നിരീക്ഷിച്ചു. കുടവയറുള്ള ഹിന്ദിക്കാരനായ റോബിഹുഡ് ഉണ്ടായിരിക്കുമോയെന്നും പൊലീസ് സംശയിച്ചു. ഇതോടൊപ്പം റിജോ ഓടിച്ച സ്കൂട്ടറും ധരിച്ചിരുന്ന ഷൂവും പൊലീസിന് വേഗത്തിൽ പ്രതിയിലേക്ക് എത്തുന്നതിന് സഹായകമായി. ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ മാത്രമെടുത്ത പ്രതി കൂടുതൽ പണം എടുക്കാത്തതും പൊലീസിനെ സംശയിപ്പിച്ചു. ബാങ്കിനെക്കുറിച്ച് നന്നായി അറിയുന്നയാളായിരിക്കുമെന്ന് അതോടെ പൊലീസ് ഉറപ്പിച്ചു. തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം തുടങ്ങിയ ജില്ലകളിലെ ടിവിഎസ് എന്‍ട്രോഗ് സ്കൂട്ടറുള്ള ഉടമകളുടെ ലിസ്റ്റ് അടക്കം പൊലീസ് പരിശോധിച്ചിരുന്നു.  ബാങ്കിലുള്ളവര്‍ പുറത്തുള്ളവരെ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അറിയിക്കുമെന്ന ഭയം മൂലമാണ് 15 ലക്ഷം മാത്രം എടുത്തതെന്നാണ് റിജോയുടെ കുറ്റസമ്മത മൊഴി. കുറച്ചു സമയം മാത്രമേ ബാങ്കിലുണ്ടായിരുന്നുള്ളൂ. കയ്യില്‍ കിട്ടിയതുമായി മടങ്ങുക എന്നതായിരുന്നു ലക്ഷ്യം. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തി മുമ്പ് ഗള്‍ഫിലുണണ്ടായിരുന്നപ്പോള്‍ വാങ്ങിയതായിരുന്നു. മോഷണ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍  പരമാവധി ക്യാമറയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചിരുന്നു. പെരാമ്പ്ര അപ്പോളോയുടെ ഭാഗത്ത് ചുറ്റി സഞ്ചരിച്ച ശേഷമാണ് വീട്ടില്‍ കയറിയത്. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാത്തിലാണ് വീട്ടിലിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.  റിജോയുമായി തെളിവെടുപ്പ് റിജോയുമായി പൊലീസ് കവര്‍ച്ച നടന്ന ഫെഡറൽ ബാങ്കിന്‍റെ ചാലക്കുടി പോട്ട ശാഖയിലെത്തി തെളിവെടുപ്പ് നടത്തി. വൻ സുരക്ഷയിലാണ് റിജോയെ പൊലീസ് സ്ഥലത്തെത്തിച്ചത്. മോഷണശേഷം റിജോയ പോയ സ്ഥലത്തടക്കം തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിനുശേഷം റിജോയെ കോടതിയിൽ ഹാജരാക്കും. എല്ലാം ഒറ്റയ്ക്കാണ് ചെയ്തതെന്ന് റിജോ പൊലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച മുഴുവൻ പണവും പൊലീസ് കണ്ടെടുത്തു. ബാങ്ക് കൊള്ള പ്രതിയെ കുടുക്കിയത് വീട്ടമ്മ ബാങ്കിന്‍റെ രണ്ടര കിലോമീറ്റര്‍ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്ത് പൊലീസ് അന്വേഷണത്തിന് എത്തുമ്പോള്‍ ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇതിൽ സിസിടിവി ദൃശ്യങ്ങള്‍ കണ്ട വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്. ഇവിടെ അടുത്തുള്ളയാളാണ് റിജോയെന്ന് വീട്ടമ്മ പറഞ്ഞു. റിജോയ്ക്ക് ഇതുപോലെയുള്ള സ്കൂട്ടറുണ്ടെന്നും വീട്ടമ്മ പറഞ്ഞു.തുടര്‍ന്ന് റിജോയുടെ വീട്ടിൽ പൊലീസെത്തുമ്പോള്‍ സ്കൂട്ടര്‍ അവിടെയുണ്ടെങ്കിലും അതിന് കണ്ണാടിയുണ്ടായിരുന്നു. മോഷണം നടത്തുമ്പോള്‍ സ്കൂട്ടറിന് കണ്ണാടിയുണ്ടായിരുന്നില്ല. എന്നാൽ, മോഷണ സമയത്തും അതിനുശേഷവും റിജോ ധരിച്ചിരുന്ന ഷൂ വീട്ടിന് മുന്നിലുണ്ടായിരുന്നു. ഈ അടയാളം കൂടി ലഭിച്ചതോടെ പ്രതി റിജോയാണെന്ന് പൊലീസ് ഉറപ്പിച്ചു. തുടര്‍ന്നാണ് റിജോ പൊലീസിന്‍റെ വലയിലാകുന്നത്. മോഷണശേഷം പ്രതി വീട്ടിൽ കുടുംബ സംഗമവും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button