National

ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപകന് കിട്ടുക 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് മാത്രം, തുക കൂട്ടാനൊരുങ്ങി കേന്ദ്രം

പൂര്‍ണവിശ്വാസത്തോടെ ബാങ്കില്‍ നിക്ഷേപിക്കുന്ന പണം, പക്ഷെ ആ ബാങ്ക് ഒരു ദിവസം പൂട്ടിപോയാലോ? പരമാവധി ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക 5 ലക്ഷം രൂപയാണ്. ഏറ്റവുമൊടുവില്‍ രാജ്യത്തെ പ്രധാന സഹകരണ ബാങ്കുകളിലൊന്നായ ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്ക് തകര്‍ന്നതോടെ ഈ ഇന്‍ഷുറന്‍സ് തുക ഉയര്‍ത്താനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ (ഡിഐസിജിസി) പരിധി 5 ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാണെന്ന് ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം നാഗരാജു പറഞ്ഞു്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ഇന്ത്യയില്‍ ആരംഭിച്ചത് 1962 ലാണ്. 1933-ല്‍ അമേരിക്കയ്ക്ക് ശേഷം ഇത്തരമൊരു പദ്ധതി ആരംഭിച്ച ലോകത്തിലെ രണ്ടാമത്തെ രാജ്യമായിരുന്നു ഇന്ത്യ. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന റിസര്‍വ് ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ബാങ്ക് തകര്‍ന്നാല്‍ യോഗ്യരായ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ നിന്ന് 5 ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ക്ലെയിം തുക ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍റെ  പരിശോധനയ്ക്ക് ശേഷം ഇത് ലഭിക്കും. നിക്ഷേപകര്‍ക്ക് ഈ തുക 90 ദിവസത്തിനുള്ളില്‍ ലഭിക്കും. പക്ഷെ ഒരു നിക്ഷേപകന്‍ ബാങ്കില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് കരുതുക. ഏതെങ്കിലും കാരണത്താല്‍ ബാങ്ക് അടച്ചുപൂട്ടുകയാണെങ്കില്‍, നിക്ഷേപകന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രമേ ലഭിക്കൂ.  2020 ഫെബ്രുവരി 4 മുതല്‍ ആണ് ഡിഐസിജിസി നിക്ഷേപകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തിയത്. ഡിഐസിജിസി നിക്ഷേപകനില്‍ നിന്ന് നേരിട്ട് ഈ ഇന്‍ഷുറന്‍സിന് ഒരു പ്രീമിയവും ഈടാക്കുന്നില്ല. ഈ പ്രീമിയം ബാങ്കുകള്‍ ആണ് നല്‍കുന്നത്. ബാങ്ക് അടച്ചുപൂട്ടല്‍ സംഭവിക്കുമ്പോള്‍ മാത്രമേ ഡെപ്പോസിറ്റ് ഗ്യാരണ്ടി ബാധകമാകൂ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്കുകളുടെ ശാഖകള്‍ ഉള്‍പ്പെടെ എല്ലാ വാണിജ്യ ബാങ്കുകളും,  റീജിയണല്‍ റൂറല്‍ ബാങ്കുകളും ഇങ്ങനെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button