ഭാര്യ രണ്ടാമത്തെ മകന് സ്വന്തം കുടുംബപ്പേര് നല്കി, വിവാഹമോചനം നേടി ഭര്‍ത്താവ്

കുഞ്ഞിന് സ്വന്തം കുടുംബ പേര് നൽകാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവ്, ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി. കോടതി കുട്ടികളുടെ സംരക്ഷണാവകാശം ഭാര്യയ്ക്ക് നൽകി. ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള ഷാവോ എന്ന വ്യക്തിയാണ് കുടുംബ പേര് തർക്കത്തിൽ ഭാര്യ ജീയെ വിവാഹ മോചനം ചെയ്തത്. വാര്‍ത്ത പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പിതാവിന്റെ കുടുംബപ്പേരുകൾ പാരമ്പര്യമായി ലഭിക്കുന്ന ചൈനീസ് പാരമ്പര്യത്തെക്കുറിച്ച് ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഷാവോയ്ക്കും ജിയ്ക്കും രണ്ട് കുട്ടികളാണ്. 2019 -ൽ ജനിച്ച മൂത്തമകൾക്ക് ഷാവോയുടെ കുടുംബ പേരാണ് നൽകിയത്. എന്നാൽ 2021 -ൽ പിറന്ന രണ്ടാമത്തെ കുട്ടിക്ക് ജീ തന്റെ കുടുംബ പേര് നൽകിയതാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം. മകന് ഭാര്യയുടെ കുടുംബ പേര് നൽകാൻ കഴിയില്ലെന്നും തന്റെ കുടുംബ പേര് തന്നെ നൽകണമെന്നും ഷാവോ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ചൈനീസ് വാർത്താ മാധ്യമമായ ഹെനാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത്. Watch Video: പരീക്ഷയ്ക്കെത്താൻ ട്രാഫിക് തടസം, പാരാഗ്ലൈഡിംഗ് നടത്തി സമയത്തെത്തിയ വിദ്യാർത്ഥിയ്ക്ക് അഭിനന്ദനം; വീഡിയോ ഒടുവിൽ കുടുംബപേരിനെ ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും 2023 -ൽ വിവാഹ മോചനം നേടാൻ തീരുമാനിക്കുകയും ആയിരുന്നുനെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ദമ്പതികൾ വേർപിരിഞ്ഞതിന് ശേഷം രണ്ട് കുട്ടികളും ജിയോടൊപ്പമാണ് താമസിച്ചിരുന്നത്. വിവാഹ മോചന സമയത്ത് ഷാവോ, മകളുടെ സംരക്ഷണാവകാശം തനിക്ക് വേണമെന്നും മകന്റെ സംരക്ഷണ അവകാശം വിട്ടുകൊടുക്കാൻ തയ്യാറാണെന്നും കോടതി അറിയിക്കുകയായിരുന്നു. എന്നാൽ, തനിക്ക് രണ്ട് മക്കളുടെയും സംരക്ഷണാവകാശം വേണമെന്ന് ജീ കോടതിയിൽ വാദിച്ചു. ഒടുവില്‍ കോടതി ജിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ചൈനീസ് കോടതികൾ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം തീരുമാനിക്കുന്നത് “കുട്ടിയുടെ താൽപ്പര്യങ്ങൾ” അടിസ്ഥാനമാക്കിയാണ്. കസ്റ്റഡി സാധാരണയായി അമ്മയ്ക്കാണ് നൽകുന്നതെങ്കിലും ചില സന്ദർഭങ്ങളിൽ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള മാതാപിതാക്കളുടെ കഴിവും കണക്കിലെടുക്കാറുണ്ട്. വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച ഷാവോ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അതും നിരസിക്കപ്പെട്ടു. ഒപ്പം മക്കൾക്ക് 18 വയസ്സ് തികയുന്നതുവരെ അവരുടെ സംരക്ഷണത്തിന് ആവശ്യമായ തുകയുടെ ഒരു വിഹിതം മുൻ ഭാര്യക്ക് നൽകണമെന്നും ഷാവോയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെ നിസ്സാര കാര്യത്തിന് കുടുംബബന്ധം തകർത്ത ഷാവോയെ നിരവധി പേരാണ് വിമർശിച്ചത്. കുട്ടികളുടെ സംരക്ഷണം അമ്മയ്ക്ക് വിട്ടു നൽകിയ കോടതി തീരുമാനത്തെയും ആളുകൾ അഭിനന്ദിച്ചു. അതേസമയം ചൈനയില്‍ പാരമ്പര്യത്തെ മറികടന്ന് തങ്ങളുടെ കുട്ടികൾക്ക് സ്വന്തം കുടുംബപ്പേര് സമ്മാനിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
