
പട്ന: തൃശൂർ പോട്ടയിലെ ഫെഡറൽ ബാങ്കിൽനിന്ന് 2.5 മിനിറ്റിൽ 15 ലക്ഷം കവർന്ന റിജോ ആന്റണിക്ക് അങ്ങകലെ ബിഹാറിൽ പിൻഗാമികൾ. അവിടെ പഞ്ചാബ് നാഷനൽ ബാങ്കിൽ തോക്കുചൂണ്ടിയെത്തിയ കൗമാരക്കാരായ രണ്ട് കൊള്ളക്കാർ വെറും 90 സെക്കൻഡിനുള്ളിൽ 1.5 ലക്ഷമാണ് കവർന്നത്. ബിഹാർ വൈശാലി ജില്ലയിലെ ഹാജിപൂർ പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിലാണ് മാസ്ക് ധരിച്ച് ചെറിയ കൈത്തോക്കുമായി വന്ന് കവർച്ച നടത്തിയത്. തുടർന്ന് പ്രതികൾ ശാന്തമായി പുറത്തിറങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. കൊള്ളക്കാരിൽ ഒരാൾ ബാങ്കിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ഉപഭോക്താക്കളെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുന്ന നേരം രണ്ടാമൻ പണം കവരുകയായിരുന്നു.17-18 വയസ്സുതോന്നിക്കുന്ന രണ്ട് കവർച്ചക്കാർ ആയുധങ്ങളുമായി ബാങ്കിൽ കയറി. അവർ 1.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. പ്രതികളുടെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്’ -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ സുരഭി സുമൻ പറഞ്ഞു. ബാങ്ക് ജീവനക്കാരെയും ഉപഭോക്താക്കളെയും പൂട്ടിയിട്ട ശേഷം കൊള്ളക്കാർ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ റിജോ ആന്റണിയെ പൊലീസ് 37 മണിക്കൂറിനകം പിടികൂടിയിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാൾ കവർച്ച നടത്തിയത്. രണ്ടര മിനിറ്റിനകം 15 ലക്ഷം രൂപയാണ് ഇയാൾ കവർന്നത്. ഇതിൽ 10,000 രൂപ ഒഴികെ 14.90 ലക്ഷവും പൊലീസ് കണ്ടെടുത്തു. ആഡംബര ജീവിതം നയിക്കുന്ന റിജോ ആന്റണി കടങ്ങൾ വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് നഴ്സാണ് റിജോ ആന്റണിയുടെ ഭാര്യ. ഭാര്യ വിദേശത്തു നിന്ന് അയക്കുന്ന പണം ഇയാൾ ധൂർത്തടിക്കുകയായിരുന്നു. ഒടുവിൽ ലക്ഷങ്ങളുടെ കടവും പെരുകി. ഉടൻ ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുന്നുവെന്ന് അറിഞ്ഞതോടെ ഇയാൾ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്. ബാങ്ക് ജീവനക്കാരനോട് പണമെവിടെ എന്ന് ഹിന്ദിയിൽ സംസാരിച്ചത് ഇതരസംസ്ഥാനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നെന്ന് പൊലീസ് മനസ്സിലാക്കി. ഈ മുറിഹിന്ദി കൂടാതെ മറ്റൊന്നും ജീവനക്കാരെ മുറിയിലിട്ട് അടക്കുമ്പോഴും ഇയാൾ പറഞ്ഞിരുന്നില്ല. കൂടുതൽ സംസാരിക്കാതെ കത്തിയെടുത്ത് ചില ആംഗ്യങ്ങൾ മാത്രമാണ് കാട്ടിയത്. ഹിന്ദി സംസാരിച്ചതുകൊണ്ടു മാത്രം കവർച്ച നടത്തിയത് ഇതരസംസ്ഥാനക്കാരനാവില്ലെന്നും ഉടൻ പിടികൂടുമെന്നും എസ്.പി അന്നുതന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രദേശം പരിചയമുള്ളയാളാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. റോഡിൽ നിന്നു മറ്റുമായുള്ള ആയിരത്തോളം ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. സംസ്ഥാനത്തെ ജയിൽമോചിതരായവരെക്കുറിച്ചും അന്വേഷിച്ചിരുന്നു. ഇതിനിടെ, ഒരു നിശ്ചിത നമ്പര്‍ ടവര്‍ ലൊക്കേഷനില്‍ അടുപ്പിച്ച് വരുന്നതായി കണ്ടുപിടിച്ചു. ടീഷര്‍ട്ടിട്ട ഒരാളുടെ ദൃശ്യം സി.സി.ടി.വികളിലൊന്നില്‍ പതിയുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. ഒടുവിൽ 37 മണിക്കൂറിനുശേഷം മോഷ്ടാവ് പിടിയിലായി.
