
കോഴിക്കോട്: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ ക്ലാസ് മുറിയിൽ നിന്ന് രഹസ്യമായി പകര്‍ത്തി സാമൂഹ്യമാധ്യമത്തിലൂടെ വില്‍പനക്ക് ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശിയായ ആദിത്യ ദേവി(18)നെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇക്കാര്യം അധ്യാപകരെ അറിയിച്ചത്. കസബ പൊലീസ് ആദിത്യ ദേവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കോഴിക്കോട്ടെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന ആദിത്യ ദേവ് ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും ശരീര ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ടെലിഗ്രാമിലൂടെ വില്‍പനക്ക് ശ്രമിച്ചുവെന്നാണ് പരാതിയുയര്‍ന്നത്. ഈ കാര്യം ശ്രദ്ധയില്‍പ്പെട്ട മറ്റ് വിദ്യാര്‍ഥികള്‍ ഉടന്‍ തന്നെ വിദ്യാഭ്യാസ സ്ഥാപന മാനേജ്‌മെന്റിനെ വിവരം അറിയിച്ചു. പരാതി ലഭിച്ച ഉടന്‍ തന്നെ വിവരം കസബ പൊലീസില്‍ അറിയിച്ചുവെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിദ്യാര്‍ത്ഥിയെ സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും മാനേജ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി. സൈബര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
