കാറുകൾ വീണ്ടും തിരിച്ചുവിളിച്ച് കിയ, എന്താണ് കുഴപ്പമെന്ന് അറിയണോ?

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ ഇലക്ട്രിക് കാറായ EV6 ന്റെ 1,380 യൂണിറ്റുകൾ സ്വമേധയാ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചു . 2022 മാർച്ച് 3 നും 2023 ഏപ്രിൽ 14 നും ഇടയിൽ നിർമ്മിച്ചതാണ് ഈ യൂണിറ്റുകൾ. ഇന്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റിന്റെ (ഐസിസിയു) സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നതിനാണ് തിരിച്ചുവിളിക്കൽ. ഇത് 12V ഓക്സിലറി ബാറ്ററിയുടെ ചാർജിംഗ് പ്രക്രിയയും പ്രകടനവും മെച്ചപ്പെടുത്തും. ഈ തിരിച്ചുവിളി ചാർജിംഗ് കൺട്രോൾ യൂണിറ്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്നും ഉപയോക്താക്കൾക്ക് സുഗമമായ അനുഭവം ലഭിക്കുമെന്നും കമ്പനി പറയുന്നു. തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് കിയ ഇന്ത്യ ഇന്ത്യാ ഗവൺമെന്റിന്റെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തെ (MoRTH) അറിയിക്കുകയും ബാധിച്ച ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ തുടങ്ങുകയും ചെയ്തു. കിയ EV6 ന്റെ പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലിനാണ് ഈ തിരിച്ചുവിളി നടത്തിയത്. അതായത് ഈ തിരിച്ചുവിളി പുതിയ 2025 കിയ EV6 ഫെയ്സ്ലിഫ്റ്റിനെ ബാധിക്കില്ല. 2022 മാർച്ച് 3 നും 2023 ഏപ്രിൽ 14 നും ഇടയിൽ നിർമ്മിച്ച ഒരു കിയ EV6 നിങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ, കമ്പനി നിങ്ങളെ ബന്ധപ്പെടുകയും നിങ്ങൾക്ക് സൗജന്യമായി സോഫ്റ്റ്വെയർ അപ്ഡേറ്റ് ലഭിക്കുകയും ചെയ്യും. ഈ വാഹനത്തിന്റെ തുടർച്ചയായ രണ്ടാമത്തെ തിരിച്ചുവിളി ആണിത്. കഴിഞ്ഞ വർഷം ICCU-വിലെ പ്രശ്നത്തിന് കിയ ഇവി6 തിരിച്ചുവിളിച്ചിരുന്നു. 60.79 ലക്ഷം രൂപയും 65.97 ലക്ഷം രൂപയുമാണ് കിയ EV6 ന്റെ എക്സ്-ഷോറൂം വില. ഹ്യുണ്ടായി അയോണിക് 5 , ബിഎംഡബ്ല്യു iX1 എന്നിവയുമായി ഇത് മത്സരിക്കുന്നു. അതേസമയം 2025 ജനുവരിയിൽ നടന്ന ഇന്ത്യ മൊബിലിറ്റി എക്സ്പോയിൽ കിയ ഇന്ത്യ EV6 ഫെയ്സ്ലിഫ്റ്റ് പ്രദർശിപ്പിച്ചു. 2024 മെയ് മാസത്തിലാണ് ഈ മോഡൽ ആഗോള വിപണിയിൽ അവതരിപ്പിച്ചത്, കൂടാതെ നിരവധി ഡിസൈൻ, പ്രകടന മെച്ചപ്പെടുത്തലുകൾ ഇതിൽ ഉൾപ്പെടുന്നു. അഡാസ് 2.0 പാക്കേജുമായി എത്തുന്ന പുതിയ ഇവി 6ൽ സുരക്ഷയും ഡ്രൈവർ അസിസ്റ്റ൯സും നൽകുന്ന 27 നൂതന സവിശേഷതകളാണുള്ളത്. മു൯ പതിപ്പിനെ അപേക്ഷിച്ച് ആറ് സവിശേഷതകൾ കൂടി ലഭ്യം. സിറ്റി/കാൽനടയാത്രക്കാർ/സൈക്കിൾ യാത്രക്കാർ/ജംഗ്ഷൻ ടേണിംഗ് എന്നീ സാഹചര്യങ്ങളിലെ അപകകടങ്ങളെ പ്രതിരോധിക്കുന്ന ഫ്രണ്ട് കൊളീഷൻസ് അവോയിഡൻസ് അസിസ്റ്റ് (എഫ്.സി.എ), ജംഗ്ഷ൯ ക്രോസിംഗിൽ സൂക്ഷ്മത ഉറപ്പാക്കുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ് (എഫ്.സി.എ), ലെയ്൯ അസിസ്റ്റ് ചേഞ്ചിൽ ഓൺകമിംഗ്, സൈഡ് സുരക്ഷ നൽകുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ് (എഫ്.സി.എ), ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ് (എഫ്.സി.എ)-ഇവാസിവ് സ്റ്റിയറിംഗ്, ലെയ്ൻ ഫോളോ അസിസ്റ്റ് (എൽഎഫ്എ) എന്നിവയാണ് അധിക സവിശേഷതകൾ.
