EntertaimentKerala

പട്ടുസാരിയുടുത്ത് അടുക്കളജോലി ചെയ്യുന്ന സ്ത്രീകളെ എന്‍റെ സീരിയലുകളിൽ കാണില്ല: നിര്‍മ്മാതാവ് രമാദേവി

കൊച്ചി: മുൻകാലങ്ങളിൽ സീരിയലുകളിൽ കാണുന്ന പല പാറ്റേണുകളിലും താൻ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്ന് സിനിമാ-സീരിയൽ നിർമാതാവ് രമാദേവി. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ‘സാന്ത്വനം’ ഉൾപ്പെടെ മലയാളത്തിലെ പ്രശസ്തമായ പല സീരിയലുകളുടെയും ചില കന്നഡ സിനിമകളുടെയും നിർമാതാവും കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയാ ഗ്രൂപ്പ് ആയ ഗ്രീൻ ടിവിയുടെ സ്ഥാപകയും ചെയർപേഴ്സണും കൂടിയാണ് രമാദേവി. ”പട്ടുസാരിയുടുത്ത് അടുക്കളയിൽ ജോലി ചെയ്യുന്ന സ്ത്രീകളെ എന്റെ സീരിയലുകളിൽ ഇപ്പോ അധികം കാണില്ല. ആദ്യമൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. സാന്ത്വനം 2 ഉൾപ്പെടെ അടുത്തിടെ ചെയ്ത സീരിയലുകളിൽ അങ്ങനെയുള്ള കഥാപാത്രങ്ങളെ കാണില്ല. അതൊക്കെ നാച്വറലായാണ് ചെയ്തത്. ചാനലുകളുടെ ആവശ്യവും എന്റെ അഭിപ്രായവും കൂടി പരിഗണിച്ച് ഒരുമിച്ച് ഒരു തീരുമാനത്തിൽ എത്തുകയാണ് ചെയ്യുക”, രമാദേവി പറഞ്ഞു. എത്രയൊക്കെ വിമർശിച്ചാലും സീരിയലുകൾ കാണാൻ ഇന്നും ആളുണ്ടെന്നും നാൽപതു വയസിനു മുകളിലുള്ള പലരും അവരുടെ വിനോദമാർഗമായി കാണുന്നത് സീരിയലുകൾ ആണെന്നും രമാദേവി കൂട്ടിച്ചേർത്തു.  ഈ മേഖലയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്ന ഒരുപാട് യുവാക്കളെ താൻ കണ്ടുമുട്ടാറുണ്ടെന്നും രമാദേവി അഭിമുഖത്തിൽ പറ‍ഞ്ഞു. ”ഒരുപാട് ചെറുപ്പക്കാർ സ്ക്രിപ്റ്റുമായി ഓഫീസിൽ വരാറുണ്ട്. എനിക്ക് രണ്ട് ആൺമക്കൾ ആയതുകൊണ്ട് അവരുടെ പൾസ് എനിക്കറിയാം. എന്റെ പ്രായത്തിലുള്ള ആളുകൾ എങ്ങനെയൊക്കെയാണ് ചിന്തിക്കുന്നതും എന്നെനിക്ക് അറിയാം.  ഇതൊക്കെ നോക്കിയാണ് അതുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത്. പലരുടെയും വലിയ സ്വപ്നമായിരിക്കും എനിക്കു മുന്നിൽ അവതരിപ്പിക്കുന്നത്. എന്റെ മക്കൾ ആരുടെയെങ്കിലും മുൻപിൽ പോയി ഇങ്ങനെ നിന്നാൽ എന്തായിരിക്കും അവസ്ഥ എന്നു ഞാൻ ചിന്തിക്കാറുണ്ട്. അങ്ങനെ എനിക്കു ചെയ്യാൻ സാധിക്കാത്ത ചില പ്രൊജക്ടുകൾ മറ്റു നിർമാതാക്കൾക്ക് കണക്ട് ചെയ്തു കൊടുത്തിട്ടുണ്ട്”, രമാദേവി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button