Kerala

ഭക്ഷ്യ വസ്തുക്കള്‍ കാണാതാകുന്നു, അംഗന്‍വാടി ടീച്ചറും ഹെൽപ്പറും തമ്മില്‍ തല്ല്; കുട്ടികള്‍ പേടിച്ചു

ചേർത്തല: അംഗൻവാടി ടീച്ചറും ഹെൽപ്പറും തമ്മില്‍ തല്ല്. കടക്കരപ്പള്ളി പഞ്ചായത്തിലെ കൈതക്കാട് അംഗനവാടിയിലെ ടീച്ചര്‍ ഗീതയും ഹെല്‍പ്പര്‍ സജിനിയുമാണ് കുട്ടികളെ പോലും കണക്കിലെടുക്കാതെ അടികൂടിയത്. തല്ല് നേരിട്ട് കണ്ട പിഞ്ചു കുഞ്ഞുങ്ങൾ പരിഭ്രാന്തിയിലായി. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. ഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കാണാതാകുന്നു എന്ന് ഗീത ടീച്ചര്‍ക്ക് പരാതിയുണ്ടായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. അംഗന്‍വാടിയുടെ സമീപത്ത് തന്നെ താമസിക്കുന്ന ഹെല്‍പര്‍ സജിനിയുമായി ഈ വിഷയം പറഞ്ഞ് എന്നും വാക്കു തര്‍ക്കം ഉണ്ടാവാറുണ്ട്. ഭക്ഷ്യവസ്തുക്കള്‍ കാണാതാവുന്നു എന്ന് പറഞ്ഞ് ഗീത പലവട്ടം കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല.  ഭക്ഷ്യവസ്തുക്കള്‍ കളവുപോകുന്നെന്ന കാര്യം പറഞ്ഞ് വെള്ളിയാഴ്ച ഗീതയും സജിനിയും വാക്കുതര്‍ക്കം ഉണ്ടായി. അത് കയ്യേറ്റത്തിലെത്തുകയായിരുന്നു. തര്‍ക്കത്തിനിടെ ഗീതയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ച് പവന്‍റെ മാല സജിനി വലിച്ചു പൊട്ടിച്ചു.  ഇതേ തുടർന്ന് ഗീതയുടെ കഴുത്തില്‍ ചതവുകളുണ്ടായി. സംഭവത്തിന് ശേഷം ഗീതയെ ചേർത്തല താലൂക്കാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  പഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് ചിങ്കുത്തറയും, മറ്റ് ജനപ്രതിനിധികളും, പഞ്ചായത്ത് അധികൃതരും ഐസിഡിഎസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് കിട്ടും വരെ ഇരുവരെയും മാറ്റി നിർത്തിയിരിക്കുകയാണ്. ആറ് മാസം മുമ്പ് മാത്രം ഹെൽപ്പറായി ജോലിയിൽ കയറിയ സജിനി അധ്യാപികയായ ഗീതയെ മർദ്ദിച്ചതിൽ അംഗനവാടി കൂട്ടായ്മകളിൽ പ്രതിഷേധമുയരുന്നുണ്ട്.  സംഭവത്തിൽ പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button