Health Tips

ഫോണ്‍ ഉപയോഗം ഒരു മണിക്കൂറില്‍ കൂടുതലാണോ, മയോപിയ ഉറപ്പ്: പഠനം

അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപിയ അഥവാ ഹ്രസ്വദൃഷ്ടി. കണ്ണിലെ ലെന്‍സിന്റെയോ കോര്‍ണ്ണിയയുടെയോ വക്രതയാണ് കാഴ്ചവൈകല്യമായ ഹ്രസ്വദൃഷ്ടിക്ക് കാരണമാകുന്നത്.

സ്‌ക്രീന്‍ സമയത്തില്‍ ദിവസേന ഒരു മണിക്കൂര്‍ വര്‍ധനവ് മയോപിയ വരാനുള്ള സാധ്യത 21 ശതമാനം വര്‍ധിപ്പിക്കും എന്നാണ് ശാസ്ത്രീയ പരിശോധനയുള്‍പ്പെടെയുള്ള വിശകലനങ്ങളുടെ പശ്ചാത്തലത്തില്‍ പഠനം ചൂണ്ടിക്കാട്ടുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായ പൂര്‍ത്തിയായവര്‍ വരെയുള്ള 335,000 പേരില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സ്‌ക്രീന്‍ സമയം ഹ്രസ്വദൃഷ്ടിക്ക് വഴി വയ്ക്കുന്നു എന്ന സാഹചര്യം ഗവേഷകര്‍ പറയുന്നത്. സ്‌ക്രീന്‍ സമയം ഒന്ന് മുതല്‍ നാല് മണിക്കൂര്‍ അധികം ഉള്ളവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത പതിന്‍മടങ്ങാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സ്‌ക്രീന്‍ സമയം വര്‍ധിക്കുന്നതിനനുസരിച്ച് മയോപിയ പിടിപെടാനുള്ള സാധ്യതയും കൂടുന്നതായും പഠനം പറയുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത അഞ്ച് ശതമാനം കൂടുതലാണ്. ഒരു ദിവസം നാല് മണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് 97 ശതമാനമാണെന്നും പഠനം വിലയിരുത്തുന്നു. എന്നാല്‍, ഒരു മണിക്കൂറില്‍ കുറവ് സ്‌ക്രീന്‍ സമയം എന്നത് സുരക്ഷിതമാണെന്ന് അടിസ്ഥാനമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ദീര്‍ഘനേരം ഫോണ്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നവരില്‍ പല ശാരീരിക പ്രശ്‌നങ്ങളും ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദീര്‍ഘനേരം സ്‌ക്രീനില്‍ ചെലവഴിക്കുന്നനര്‍ക്ക് തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും നേരത്തെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധക്കുറവ് , പൊണ്ണത്തടി, ശരീരവേദന, നടുവേദന മറ്റ് ജീവിത ശൈലി രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും പതിവാണെന്ന് വിദഗ്ധര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button