
മാന്നാർ: ചെങ്ങന്നൂരിൽ ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ അനുജന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അനുജന് പ്രസാദിനെ (45) സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയത് മുന്‍വൈരാഗ്യം മൂലമാണെന്ന് പ്രതി സമ്മതിച്ചു. കൊലപാതകത്തിന് മുമ്പ് സഹോദരൻ ഉറങ്ങിയെന്ന് ഉറപ്പാക്കാന്‍ ഹെല്‍മെറ്റ് തറയിലിട്ട് ശബ്ദമുണ്ടാക്കിയെന്ന് പ്രതി വെളിപ്പെടുത്തി. ചെങ്ങന്നൂര്‍ മാര്‍ത്തോമാ ഒലിവറ്റ് അരമനയ്ക്ക് സമീപം തിട്ടമേല്‍ ചക്രപാണി ഉഴത്തില്‍ പി ജെ ശ്രീധരന്റെ മകന് പ്രസന്നനെ (47) യാണ് ഓട്ടോറിക്ഷാ ഡ്രൈവറായ അനുജന് പ്രസാദ് (45) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഏറെ നാളായി ഇരുവരും തമ്മില്‍ നടന്നു വരുന്ന കലഹത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആറുമാസം മുമ്പ് ഇവര്‍ തമ്മില്‍ മദ്യപിച്ച് വഴക്കിടുകയും മര്‍ദ്ദനത്തിനിടെ പ്രസാദിന്റെ കാല് ഒടിഞ്ഞ് ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടി വരികയും ചെയ്തിരുന്നു. ഇതിനും ശേഷം ഇരുവരും കൂടുതല്‍ ശത്രുതയിലായി. ശനിയാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് വീടുവിട്ടു പുറത്തുപോയ പ്രസന്നന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീട്ടിലെത്തിയത്. മദ്യലഹരിയിലായിലായിരുന്ന പ്രസന്നന് മുറിയില്‍ കയറി കട്ടിലിനുതാഴെ തറയില്‍ കിടന്ന് ഉറങ്ങിപ്പോയി. ഉറക്കത്തിലാണെന്ന് ഉറപ്പുവരുത്താനായി പ്രസാദ് ആദ്യം ഹെല്‍മെറ്റ് തറയില്‍ ഇട്ട് ശബ്ദം ഉണ്ടാക്കി. ഉറങ്ങിയെന്ന് മനസിലായപ്പോഴാണ് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷം കയര്‍ ഒളിപ്പിച്ചു വെച്ചു. ചെങ്ങന്നൂര്‍ എസ്എച്ച്ഒ എ സി വിപിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കഴുത്തിലെ പാട് കണ്ടതോടെയാണ് മരണം കൊലപാതകമാണോ എന്ന സംശയം തോന്നിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. നിരന്തരം ഇവര്‍ തമ്മില്‍ മദ്യപിച്ച് വഴക്കിടുകയും പ്രസന്നനെ മര്‍ദ്ദിക്കുകയും ചെയ്യുന്നതിനാല്‍ പ്രസാദിനെ ഭയന്ന് പ്രസന്നന് രാത്രി വൈകിയാണ് വീട്ടില്‍ എത്തുന്നത്. വീടിന്റെ രണ്ടു ഭാഗങ്ങളിലായാണ് പ്രസാദും അവിവാഹിതനായ പ്രസന്നനും താമസിച്ചിരുന്നത്. നേരം പുലര്‍ന്നപ്പോള്‍ പ്രസന്നനെ മുറിയില്‍ മരിച്ച നിലയില്‍ പിതാവ് ശ്രീധരനാണ് കണ്ടത്. ഇവരുടെ മറ്റൊരു സഹോദരനെ ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ എന്തെങ്കിലും ദുരൂഹതയുള്ളതായി ഇപ്പോള്‍ സംശയിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
