വീടിനുള്ളില്‍ തുണി ഉണക്കാറുണ്ടോ? വിളിച്ചുവരുത്തുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളെ

വെയില് ലഭിക്കാത്ത ദിവസങ്ങളില്‍ നമ്മള് ഏറ്റവും കൂടുതല്‍ നേരിടുന്ന വെല്ലുവിളിയാണ് തുണികള്‍ ഉണക്കിയെടുക്കുക എന്നത്. പലരും വീടിന്റെ അകത്തും നമ്മള് കിടക്കുന്ന മുറിയിലുമൊക്കെ ഫാനിന് കീഴെ ഇട്ട് തുണി ഉണക്കാറുണ്ട്. എന്നാല്‍ വീടിനുള്ളില്‍ തുണി ഉണക്കാന്‍ ഇടുന്നത് അത്ര നല്ല കാര്യമല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ തുണി ഉണക്കാന്‍ ഇടുന്നത് മൂലം വീടിനുള്ളിലെ ഈര്‍പ്പം വര്‍ധിച്ച് പൂപ്പല്‍ വളരാനുള്ള സാഹചര്യമൊരുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇത് മനുഷ്യര്‍ക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രത്യേകിച്ച് ശ്വാസ കോശ പ്രശ്നങ്ങള്‍ ഉള്ളവര്‍, ദുര്‍ബലമായ പ്രതിരോധ ശേഷി ഉള്ളവര്‍ക്കൊക്കെ ആയിരിക്കും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുക. നിരന്തരമായ പൂപ്പല്‍ സമ്പര്‍ക്കമുള്ളവര്‍ക്ക് ആസ്മ ഉള്‍പ്പടെയുള്ള ഗുരുതര രോഗങ്ങളുണ്ടായേക്കാം.
പൂപ്പലില്‍ നിന്ന് ചെറിയ തരി പോലുള്ള പൊടികള്‍ വീഴുന്നുണ്ട്. ഇത് നമ്മുടെ ശരീരത്തിലെത്തിയാല്‍ മൂക്കൊലിപ്പ്, കണ്ണിന് ചൊറിച്ചില്‍, ചര്‍മ്മത്തിന് തിണര്‍പ്പ്, പോലുള്ള പ്രശ്നങ്ങളും പിടിപെടുന്നതാണ്. സ്റ്റാക്കിബോട്രിസ് ചര്‍ട്ടാറം അഥവാ ബ്ലാക്ക് മോള്‍ഡ് പോലുള്ള പൂപ്പലുകള്‍ ആകട്ടെ മൈകോടോക്സിനുകളെ ഉത്പാദിപ്പിക്കുക വഴി നിരന്തരമായ ക്ഷീണം, തലവേദന, പ്രതിരോധ ശേഷി കുറഞ്ഞ് പോവുക തുടങ്ങിയവയിലേക്കും നമ്മെ എത്തിച്ചേക്കാം.ഇനി വസ്ത്രങ്ങള്‍ ഉണക്കാന്‍ വീട് തന്നെയാണ് ആശ്രയം എങ്കില്‍ ഈര്‍പ്പം എപ്പോഴും 60 ശമാനത്തിന് താഴെ തന്നെ നിര്‍ത്താന്‍ പരമാവധി ശ്രദ്ധിക്കണം. ഡീഹ്യുമിഡിഫയര്‍, എക്സോസ്റ്റ് ഫാനുകള്‍ എന്നിവ ഇക്കാര്യത്തില്‍ സഹായകമാകും. വീടിനുള്ളില്‍ വായുപ്രവാഹമുണ്ടാകാന്‍ ജനലുകളും മറ്റും തുറന്നിടാനും ശ്രദ്ധിച്ചാല്‍ നല്ലത്. ചൂടാക്കാവുന്ന ഡ്രയിങ് റാക്കുകള്‍, വെന്റഡ് ഡ്രയറുകള്‍ തുടങ്ങിയവയും ഈര്‍പ്പം നിയന്ത്രണത്തില്‍ നിര്‍ത്തി തുണി ഉണങ്ങാന്‍ സഹായിക്കും. വീടിനുള്ളില്‍ പൂപ്പല്‍ വരാവുന്ന സ്ഥലങ്ങളൊക്കെ കണ്ടെത്തി അതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും ശ്രമിക്കേണ്ടതാണ്.
ഇനി ചില കണക്ക് പരിശോധിച്ചാല്‍ ഒരു ലോഡ് തുണി ഉണങ്ങുമ്പോള്‍ വീടിനുള്ളിലെ വായുവിലേക്ക് രണ്ട് ലീറ്റര്‍ വെള്ളം പ്രവഹിപ്പിക്കുമെന്നാണ് കണക്ക്. അത്കൊണ്ട് പതിവായി നനഞ്ഞ തുണികള്‍ വീടിനുള്ളില്‍ ഇടുന്നതോട് കൂടി പൂപ്പലുകള്‍ ഇത്തരം പ്രതലങ്ങളില്‍ വളരും. വീടിനുള്ളില്‍ തുണി ഉണക്കുന്നവര്‍ പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടാം.
