
കൊല്‍ക്കത്ത: മനുഷ്യ ശരീരം കഷ്ണങ്ങളാക്കി ഹൂഗ്ലി നദിയില്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് യുവതികള്‍ പിടിക്കപ്പെട്ടു. നീല സ്യൂട്ട് കേസില്‍ വെട്ടി നുറുക്കിയ നിലയിലാണ് ശരീര ഭാഗം ഉപേക്ഷിക്കാനായി കൊണ്ടുവന്നത്. ടാക്സിയിലെത്തിയ സ്ത്രീകള്‍ നദിയിലേക്ക് ശരീരഭാഗങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങുമ്പോള്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. സ്യൂട്ട് കേസില്‍ തങ്ങളുടെ വളര്‍ത്തുനായയുടെ ശവമാണെന്നാണ് ഇവര്‍ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ പരിശോധിച്ചപ്പോള്‍ മനുഷ്യ ശരീരം കഷ്ണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ചിരിക്കുകയാണെന്ന് മനസിലായി. നാട്ടുകാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതികളെ ചോദ്യം ചെയ്തു വരികയാണെന്നും സ്യൂട്ട് കേസില്‍ നിന്ന് ലഭിച്ച ശരീര ഭാഗങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
