സ്ഥാനമില്ലാതെ മോഹൻലാല്‍, മൂന്നാമനായി പിന്തള്ളപ്പെട്ട് മമ്മൂട്ടിയും, രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി

അത്ര നല്ല വര്‍ഷമല്ല 2025 മലയാള സിനിമയ്‍ക്ക്. 2024ല്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് തുടക്കത്തിലേ ഉണ്ടായത്. 2025ല്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതീക്ഷയുള്ളത് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ്. മമ്മൂട്ടി നായകനായ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സിനെയും വീഴ്‍ത്തി മുന്നേറുകയാണ് കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. മലയാളത്തില്‍ നിന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ ഒന്നാമൻ രേഖാചിത്രമാണ്. രേഖാചിത്രം ആഗോളതലത്തില്‍ ആകെ 75 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജോഫിൻ ടി ചാക്കോയാണ് സംവിധാനം. ആസിഫ് അലിക്ക് പുറമേ രേഖാചിത്രം സിനിമയില്‍ അനശ്വര രാജൻ, മനോജ് കെ ജയൻ, ഉണ്ണി ലാലു, ജഗഗദീഷ്, സായ്‍കുമാര്‍, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സലീ, നിഷാന്ത് സാഗര്‍, ടി ജി രവി, പ്രിയങ്കാ നായര്‍, നന്ദു, സുധി കോപ്പ, വിജയ് മേനോൻ തുടങ്ങി നിരവധി പേര്‍ വേഷമിട്ടിരുന്നു. രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് എത്തിയിരിക്കുകയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 26.40 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആയിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നായിക കഥാപാത്രമാകുന്നത് പ്രിയാമണി. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫ് ആണ് സംവിധാനം നിര്‍വഹിച്ചത്. മൂന്നാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി നായകനായ ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‍സ് ആഗോളതലത്തില്‍ 20.9 കോടി മാത്രമാണ് നേടിയിരിക്കുന്നത്. ഇതുവരെ മോഹൻലാലിന് റിലീസുകളൊന്നുമില്ലാത്തതിനാല്‍ ആദ്യ പത്തിലും ഇടംപിടിക്കാനാകാതെ നിരാശാജനകമായ അവസ്ഥയാണ്. തുടരും ജനുവരിയില്‍ റിലീസുണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകിയതിനാല്‍ മാര്‍ച്ച് 27ന് എമ്പുരാൻ എത്തുന്നതോടെ ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും എന്നാണ് മോഹൻലാല്‍ ആരാധകരുടെ പ്രതീക്ഷ.
