സഹപാഠികൾ നായ്ക്കരുണപ്പൊടി എറിഞ്ഞു, പത്താം ക്ലാസുകാരിയുടെ ശരീരമാകെ ചൊറിഞ്ഞ് തടിച്ചു; ഒരു മാസമായി ദുരിതത്തിൽ

കൊച്ചി: നായ്ക്കുരുണപ്പൊടി ദേഹത്തെറിഞ്ഞ് സഹപാഠികളുടെ ക്രൂര വിനോദത്തിൽ ശരീരമാകെ ചൊറിഞ്ഞ് തടിച്ച് പരീക്ഷ പോലും എഴുതാനാവാതെ പത്താം ക്ലാസുകാരി. കൊച്ചി കാക്കനാട് തെങ്ങോട് സർക്കാർ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയിൽ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുന്നത്. ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നത് പെൺകുട്ടിക്കും കുടുംബത്തിനും തീരാനോവുണ്ടാക്കിയിരിക്കുകയാണ്. നായ്ക്കുരുണപ്പൊടി ദേഹത്ത് വീണാലുള്ള അനുഭവം പണ്ടെത്തെ ആൾക്കാർ കേട്ടുള്ള പരിചയമേ ഒള്ളു, ഇപ്പോൾ അത് കണ്ടു. ദുഷ്ടന്മാരോട് പോലും ഈ ക്രൂരത പാടില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഒരു മാസത്തോളം പള്ളിക്കരയിലെ ഈ പത്താം ക്ലാസുകാരി അനുഭവിക്കുന്ന ദുരിതം കണ്ടാൽ ആരും അത് തന്നെ സാക്ഷ്യം വെക്കും. ശരീരത്ത് ചൊറിച്ചിൽ സഹിക്കാൻ പറ്റാതായപ്പോൾ എന്താണ് ഇതെന്ന് ഞാൻ ചോദിച്ചു. പിന്നീട് വാഷ് റൂമിലേക്ക് ഓടിപ്പോയി. ഇവരോടെല്ലാം ഞാൻ പറഞ്ഞു സഹിക്കാൻ വയ്യ, ടീച്ചറോട് പറയണമെന്ന്. ആരും അറിയിച്ചില്ല. അടുത്ത ദിവസമായപ്പോഴേക്കും കാലുകൾ കൂട്ടി വെക്കാൻ പറ്റാത്ത അവസ്ഥയിലായി താനെന്ന് പെൺകുട്ടി പറയുന്നു. ക്ലാസിലെ പിൻബഞ്ചിലിരിക്കുന്ന പെൺകുട്ടിയാണ് നായ്ക്കുരണ പൊട്ടിച്ച് ക്ലാസ് മുറിയിൽ വിതറിയത്. അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതിനിടെ പരീക്ഷ കഴിഞ്ഞ് ബെഞ്ചിൽ വിശ്രമിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തും നായ്ക്കുരുണ പൊടിയെത്തി. ഇതോടെ ശരീരം ചൊറിഞ്ഞ് തുടങ്ങി. തുടർന്ന് കുട്ടികൾ പെൺകുട്ടിയോട് പോയി കുളിക്കാൻ പറഞ്ഞു. ചൊറിച്ചിൽ കൂടിയതോടെ പെൺകുട്ടി ശുചിമുറിയിലെത്തി ശരീരമാകെ വെള്ളമൊഴിച്ചു. ഇതോടെ നായ്ക്കുരുണപ്പൊടി ശരീരമാകെ പടർന്നു. ഇതോടെ ചൊറിച്ചിൽ സഹിക്കാതെ പെൺകുട്ടി നിരവധി ആശുപത്രികൾ കയറിയിറങ്ങി. ഇതോടെ പെൺകുട്ടിയുടെ മോഡൽ പരീക്ഷയും മുടങ്ങി. ചൊറിഞ്ഞ് ശരീരത്തിൽ മുറിവുവരെ ആയതോടെ പെൺകുട്ടി മാനസികമായും തളർന്നു. ജോലിക്ക് പോകാതെ മകൾക്ക് വീശിക്കൊടുത്തും മാനസിക പിന്തുണകൊടുത്തും താൻ കൂട്ടിരിക്കുകയാണെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. സംഭവം അറിഞ്ഞിട്ട് സ്കൂൾ അധികൃതർ തുടക്കം മുതൽ വിദ്യാർഥിയോട് മോശമായി പെരുമാറിയെന്ന് അമ്മ ആരോപിച്ചു. കടുത്ത വേദനയിൽ പെൺകുട്ടി കഴിയുമ്പോഴും ക്ലാസിലെത്താൻ സ്കൂളിൽ നിന്ന് നിർബന്ധിച്ചെന്നും ഹാജരില്ലാതെ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു. വിഷയത്തിൽ വിദ്യഭ്യാസ മന്ത്രി ഇടപെടണമെന്നാണ് അമ്മ പറയുന്നത്.
