ബേക്കറിയിലെ പെറ്റ്ഷോപ്പിൽ നിന്ന് 14000 വിലയുള്ള നായ്ക്കുട്ടികളെ പൊക്കി, ബാലരാമപുരത്ത് വിൽക്കാൻ നോക്കവെ പിടിയിൽ

തിരുവനന്തപുരം: മോഷണം പോയ നായ്ക്കുട്ടികൾക്ക് പൊലീസ് കാവലിൽ സുഖനിദ്ര. ബേക്കറി ജങ്ഷനിലെ പെറ്റ് ഷോപ്പിൽ നിന്ന് വെള്ളിയാഴ്‌ച മോഷണം പോയ 14000 രൂപ വീതം വിലയുള്ള ഷിറ്റ്സു ഇനത്തിൽപെട്ട രണ്ട് നായ്കുട്ടികളാണ് കന്റോൺമെന്റ്റ് സ്റ്റേഷനിൽ പൊലിസ് കാവലിൽ കഴിയുന്നത്. ഈ നായ്ക്കുട്ടികളെ മോഷ്ടിച്ച തമ്പാനൂർ രാജാജി നഗർ സ്വദേശികളായ ശരത്, അനീഷ് എന്നിവരെ കന്റോൺമെന്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കറിയിലെ പെറ്റ് ഷോപ്പിൽ നിന്നും മോഷ്ടിച്ച നായ്ക്കുട്ടികളെ ബാലരാമപുരത്തെ പെറ്റ് ഷോപ്പിൽ വിൽക്കാൻ ശ്രമിക്കവെയാണ് പ്രതികൾ പിടിയിലായത്. മത്സ്യത്തെ നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുന്ന വീഡിയോ വൈറല്‍; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിലായതിങ്ങനെ നായ്ക്കുട്ടികൾ മോഷണംപോയ ഉടനെ പെറ്റ് ഷോപ്പ് ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ കടയുടമ വിവരം പങ്കുവച്ചു. ഇതിനിടെ പ്രതികൾ ബാലരാമപുരത്ത് നായ്ക്കുട്ടികളിൽ ഒന്നിനെ വിൽക്കാൻ കൊണ്ടുപോയി. ബാലരാമപുരത്തെ കടയുടമ ഇക്കാര്യം ബേക്കറിയിലെ കടയിൽ അറിയിച്ചു. പിന്നാലെ കന്റോൺമെന്റ് സ്റ്റേഷനിലും അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ബാലരാമപുരത്തെത്തി നായ്ക്കുട്ടിയെയും പ്രതികളെയും കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെ നായ്ക്കുട്ടിയെ പ്രതികളുടെ വീട്ടിൽനിന്നു കണ്ടെടുത്തു. കോടതി നടപടികൾക്കുശേഷം ഇന്ന് തന്നെ നായ്ക്കുട്ടികളെ ഉടമയ്ക്കു വിട്ടുനൽകുമെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ മറ്റു കേസുകളുമുണ്ടെന്നും പൊലീസ് അറിയിച്ചു.
