Kerala

ക്ഷേത്രോത്സത്തോട് അനുബന്ധിച്ച് കഞ്ഞി സദ്യ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; വർക്കലയിൽ നൂറിലധികം പേർ ചികിത്സ തേടി

തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യവിഷബാധ. നൂറിലധികം പേർ ചികിത്സ തേടി. വർക്കല വിളഭാഗം അമ്മൻ നട ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന കഞ്ഞി സദ്യ കഴിച്ചവർക്കാണ് രണ്ട് ദിവസത്തിന് ശേഷം വിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായത്. കടുത്ത ഛർദ്ദിയും വയറിളക്കവും പനിയും ശരീരം തളർച്ചയുമായാണ് ഭൂരിഭാഗം പേർക്കും അനുഭവപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ല.  വർക്കല താലൂക്ക് ആശുപത്രിയിൽ മാത്രമായി 66 ൽ അധികം രോഗികൾ ഇന്നലെയും ഇന്നുമായി ചികിത്സ തേടിയെത്തി. ഇപ്പോഴും ചികിത്സയ്ക്കായി രോഗികൾ എത്തുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വെട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ  50ലധികം ആൾക്കാർ ചികിത്സ തേടി. നിരവധി പേർ മറ്റ് ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. കഞ്ഞി സദ്യ കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ട് മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് എന്നതിനാൽ ക്ഷേത്രത്തിലെ ആഹാര പദാർത്ഥങ്ങളുടെ സാമ്പിൾ ശേഖരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും ക്ഷേത്രത്തിലേക്ക് സംഭരിച്ച വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button