Kerala

ഷഹബാസിന്റെ കൊലപാതകം: പ്രധാനപ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്, നിര്‍ണായക വിവരം

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം പുറത്ത്. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്‍റെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്.  തലയോട്ടി തകര്‍ന്നാണ് ഷഹബാസിന്‍റെ മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരുള്‍പ്പെടെയുള്ളവരാണ് ഷഹബാസിനെ ആക്രമിച്ചതെന്ന് പിതാവ് ഇക്ബാലും പറഞ്ഞിരുന്നു. 5 പേരെ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഷഹബാസിനെ കൊല്ലുമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറയുന്ന കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ടിപി വധക്കേസ് പ്രതിപ്പട്ടികയിലുള്ള ടികെ രജീഷിനൊപ്പമാണ് ഇയാളുള്ളത്. ഈ ചിത്രം എപ്പോഴാണ് എടുത്തതെന്ന കാര്യം വ്യക്തമല്ല. ഈ സംഭവത്തിന് ക്വട്ടേഷന്‍ സംഭവവുായി ബന്ധമുണ്ടെന്നും അക്രമം നടക്കുമ്പോള്‍ കുട്ടിയുടെ പിതാവും ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നെന്ന ഷഹബാസിന്‍റെ പിതാവിന്‍റെ ആരോപണത്തെ ബലപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ്  പ്രധാന പ്രതിയുടെ വീട്ടില്‍ നിന്ന് ഷഹബാസിനെ അടിക്കാൻ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു. റിമാന്‍റിലായ അഞ്ച് വിദ്യാര്‍ത്ഥികളുടേയും വീട്ടില്‍ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്. ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന അഞ്ച് പ്രതികളേയും എസ് എസ് എല്‍ സി പരീക്ഷ എഴുതിക്കാമെന്നാണ് തീരുമാനം. എന്നാൽ ഇത് സ്കൂളിൽ വെച്ച് വേണോ എന്നതിൽ തീരുമാനമായിട്ടില്ല. കുട്ടികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിച്ചാല്‍ പ്രതിഷേധമുയരാന്‍ സാധ്യതയുണ്ടെന്ന കാര്യം പോലീസ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡാണ്  ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നല്‍കിയത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button