കുട്ടികളെ കുടുക്കുന്ന ആ വിഷ ചിലന്തി ആര്’? മാര്‍ക്കോയുടെ ടിവി നിരോധനം പിന്തുണയ്ക്കുന്നില്ലെന്ന് വി എ ശ്രീകുമാർ

നാട്ടില്‍ വര്‍ധിച്ചുവരുന്ന ക്രിമിനല്‍ സംഭവങ്ങളും അതില്‍ യുവാക്കളുടെ വലിയ പങ്കാളിത്തവും ഇന്ന് സജീവ ചര്‍ച്ചയാണ്. ഒപ്പം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും. പുതുതലമുറയെ വയലന്‍സിലേക്ക് നയിക്കുന്നതില്‍ പുതുകാലത്തെ സിനിമകള്‍ക്കും പങ്കുണ്ടെന്ന് ഒരു വിലയിരുത്തലുണ്ട്. അതില്‍ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ സിനിമാ മേഖലയില്‍ നിന്നുതന്നെ ഉണ്ടായിട്ടുമുണ്ട്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വി എ ശ്രീകുമാറിന്‍റെ കുറിപ്പ് ജീവിതത്തിൽ മദ്യമോ സിഗററ്റോ മറ്റ് ലഹരികളോ ഉപയോഗിക്കാത്ത ഒരാളാണ് ഞാൻ എന്ന ആമുഖത്തോടെ പറയട്ടെ സിനിമ അടക്കമുള്ള ആർട്ടുകൾ നൽകുന്ന സന്ദേശമാണ് ഇപ്പോൾ നടക്കുന്ന കൊടും ക്രൈമുകളുടെ കാരണം എന്നു ഞാൻ വിശ്വസിക്കുന്നില്ല. സ്വാധീനമുള്ള അനേകം കാര്യങ്ങളിൽ ഒന്നു മാത്രമാണ് ആർട്ട്. നന്മയാണ് ആർട്ടിൽ ഏറെയും. എന്നു കരുതി ആ സ്വാധീനം നാട്ടിലാകെ ഇല്ലല്ലോ. സ്വാധീനിച്ചാൽ തന്നെ ഉപയോഗിക്കാനുള്ള നിരോധിത ലഹരികൾ എങ്ങനെ സ്കൂൾ കുട്ടികളിൽ വരെ എത്തുന്നു? ആ വലിയ വല നെയ്ത് കുട്ടികളെ കുടുക്കുന്ന ആ വിഷ ചിലന്തി ആരാണ്? ആ കണ്ണി മുറിക്കാത്തത് എന്തുകൊണ്ട്? വ്യാപകമായും പ്രബലമായും നിരോധിത മയക്കു മരുന്നുകൾ ലഭ്യമാക്കുന്ന വേരല്ലേ അറുക്കേണ്ടത്? GenZ തലമുറയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നത് ശാസ്ത്രീയമല്ല. ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിട്ട് വളർന്നു പടർന്നു പന്തലിച്ചു. ആ മാഫിയയുടെ മുന്നിലാണ് നമ്മൾ തോൽക്കുന്നത്. നാർക്കോട്ടിക് ബിസിനസ് അവസാനിക്കാൻ ജനജാഗ്രത വേണം. മാർക്കോയുടെ സാറ്റലൈറ്റ്, ഒ.ടി.ടി പ്രദർശനം നിരോധിക്കുന്നതിനെ പിന്തുണക്കുന്നില്ല. ലോകത്ത് വയലൻസിനെ ചിത്രീകരിച്ച അനേകം സിനിമകളുണ്ട്. ഇതിഹാസങ്ങളുണ്ട്.
