ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ദക്ഷിണാഫ്രിക്കക്ക് വീണ്ടും അടിതെറ്റി; ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം

ലാഹോര്‍: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ അപരാജിത സെഞ്ചുറി നേടിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഇന്നിംഗ്സിലെ അവസാന പന്തില്‍ സെഞ്ചുറിയിലെത്തിയ ഡേവിഡ് മില്ലര്‍(67 പന്തില്‍ 100*) ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മില്ലര്‍ക്ക് പുറമെ 69 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനും 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെംബാ ബാവുമയും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയുള്ളു. ന്യൂസിലന്‍ഡിനായി ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്നര്‍ 43 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്സ് 27 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 362-6, ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 312-9.
ഞായറാഴ്ച ദുബായ് ഇന്‍റര്‍നാഷണണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് കീരീടപ്പോരാട്ടം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. 362 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം അനിവാര്യമായിരുന്നു. എന്നാല്‍ അഞ്ചാം ഓവറില്‍ സ്കോര്‍ 20ല്‍ നില്‍ക്കെ റിയാന്‍ റിക്കിള്‍ടണെ(17) മാറ്റ് ഹെന്‍റി മടക്കിയതോടെ ദക്ഷിണാഫ്രിക്കക്ക് അടിതെറ്റി തുടങ്ങി. ക്യാപ്റ്റന്‍ ബാവുമയും റാസി വാന്‍ഡര്‍ ഡസ്സനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പ്രതീക്ഷ നല്‍കിയെങ്കിലും സ്കോറിംഗ് നിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ ബാവുമ(71 പന്തില്‍ 56) മടങ്ങി
ഏയ്ഡൻ മാര്‍ക്രവും വാന്‍ഡര്‍ ഡസ്സനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 150 കടത്തി പ്രതീക്ഷ കാത്തെങ്കിലും വാന്‍ഡര്‍ ഡസ്സനെ(66 പന്തില്‍ 69) സാന്‍റ്നര്‍ ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ പ്രതീക്ഷയായിരുന്ന ഹെന്‍റിച്ച് ക്ലാസനെ(3)യും വീഴ്ത്തിയ സാന്‍റ്നര്‍ ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. പ്രതീക്ഷ നല്‍കിയ മാര്‍ക്രത്തെ(31)രചിന്‍ രവീന്ദ്രയും വിയാന്‍ മുള്‍ഡറെ(8) മൈക്കല്‍ ബ്രേസ്‌വെല്ലും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം തീര്‍ന്നു. അവസാന പ്രതീക്ഷയായിരുന്ന മാര്‍ക്കോ യാന്‍സനും(3) ഡേവിഡ് മില്ലർക്ക് പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെട്ടു. തോല്‍വി ഉറപ്പായശേഷം മില്ലര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗിന് ദക്ഷിണാഫ്രിക്കയുടെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മില്ലര്‍ 67പന്തില്‍ ഇന്നിംഗ്സിലെ അവസാന പന്തില്‍ സെഞ്ചുറി തികച്ച് പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്‍റ്നര്‍ മൂന്നും ഗ്ലെന്‍ ഫിലിപ്സ് രണ്ടും വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്‍റെയും സെഞ്ചുറികളുടെ കരുത്തിലാണ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സടിച്ചത്. രചിന്‍ രവീന്ദ്ര 108 റണ്‍സടിച്ചപ്പോള്‍ വില്യംസണ്‍ 102 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡാരില്‍ മിച്ചലും(49) ഗ്ലെന്‍ ഫിലിപ്സും(49*) ചേര്‍ന്നാണ് കിവീസിനെ 350 കടത്തിയത്. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എൻഗിഡിയും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
